'വായ്പ, തൊഴിൽ ലഭ്യമാക്കാം, വസ്തുക്കൾ വിറ്റു നൽകാം'; സ്ത്രീകൾ അത്തരം വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് വനിതാ കമ്മീഷൻ

'സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. സ്ത്രീധന നിരോധന നിയമത്തില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.'

kerala women's commission says about social media frauds joy

എറണാകുളം: വര്‍ധിച്ചു വരുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍. വായ്പ, തൊഴില്‍ എന്നിവ ലഭ്യമാക്കാമെന്നും വസ്തുക്കള്‍ വിറ്റു നല്‍കാമെന്നുമുള്ള വ്യാജേന സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായും കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍ മഹിളാമണി എന്നിവര്‍ പറഞ്ഞു. ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗങ്ങള്‍.

സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. സ്ത്രീധന നിരോധന നിയമത്തില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും നിരന്തരമായ ബോധവത്കരണവും നടത്തുന്നുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് പോഷ് ആക്ട് അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടുകയോ നിയമാനുസൃതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലായെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

നിയമപരമായി വിവാഹ മോചനം നേടാതെ വീണ്ടും വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുക, സ്ത്രീകളെ വിദേശ രാജ്യങ്ങളില്‍ എത്തിച്ച് ഗാര്‍ഹിക പീഡനത്തിനിരയാക്കുക, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനം, സ്ത്രീധന പീഡനം, ഭിന്നശേഷി പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് മുമ്പില്‍ എത്തിയതെന്നും അംഗങ്ങള്‍ അറിയിച്ചു. എറണാകുളം ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 83 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 115 കേസുകളാണ് പരിഗണിച്ചതെന്നും കമ്മീഷന്‍ അറിയിച്ചു.

'ഈ യുവാവിന് വീടിന് പുറത്തിറങ്ങാന്‍ ഭയം, ആളുകള്‍ നോക്കുന്നത് ഭീകരവാദിയെ പോലെ'; അഫ്‌സലിനെ കുറിച്ച് അരിത 
 

Latest Videos
Follow Us:
Download App:
  • android
  • ios