'വ്യാജ പ്രചാരണങ്ങളെ തള്ളണം'; അപകട-വൈദ്യ ഇന്‍ഷുറന്‍സ് പ്രചാരണങ്ങളില്‍ അക്കാദമി വിശദീകരണം
'നിലച്ചു പോകുമായിരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കി പിന്നീട് സംരക്ഷിക്കുകയായിരുന്നു.'
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അപകട-വൈദ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അക്കാദമി അധികൃതര്‍.
അക്കാദമി പ്രസ്താവന: ''2011ല്‍ രണ്ടു പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും ഒരു വന്‍കിട വ്യവസായിയുടെയും സ്‌പോണ്‍സര്‍ഷിപ്പോടെ 642 അംഗങ്ങളുമായി ആരംഭിച്ച കലാകാര അപകട- വൈദ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടനെ സ്പോണ്‍സര്‍മാര്‍ ഏകപക്ഷീയമായി പിന്മാറിയിരുന്നു. നിലച്ചു പോകുമായിരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കി പിന്നീട് സംരക്ഷിക്കുകയായിരുന്നു.
''ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഒരു അക്കാദമിയും സര്‍ക്കാര്‍ സഹായത്തോടെ ഇത്തരം ഒരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നില്ല. അപകടങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും മെഡിക്കല്‍ ക്ലെയിമിന് ഒരുലക്ഷം രൂപയുമാണ് തുടക്കം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ കവറേജായി ലഭിച്ചിരുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് തല്‍പ്പരകക്ഷികള്‍ വ്യാജ പ്രചാരണം തുടരുന്നത്. വേണ്ടത്ര പ്രചാരമില്ലാത്തതിനാലും കലാകാരന്മാര്‍ പദ്ധതി ഉപയോഗപ്പെടുത്താത്തതിനാലും ക്ലെയിമിന്റെ ശതമാനം താരതമ്യേന കുറവായിരുന്നുവെന്നത് 2022 നവംബര്‍ 17ന് ചുമതലയേറ്റെടുത്ത അക്കാദമിയുടെ ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെട്ടു. 2024 ഫെബ്രുവരി മൂന്നുമുതല്‍ പുതിയ കരാര്‍ ഉണ്ടാക്കുമ്പോള്‍ അപകടങ്ങള്‍ക്കെന്നതു പോലെ മെഡിക്കല്‍ ക്ലെയിമിനും രണ്ടു ലക്ഷം രൂപ ഏര്‍പ്പെടുത്തി. ''
''കലാകാരന്മാര്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കുന്ന പദ്ധതി നിലനില്‍ക്കുകയും കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുകയും വേണം. ഈ പദ്ധതി നിലനിര്‍ത്താന്‍ അക്കാദമി നടത്തുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ക്കൊപ്പം മുഴുവന്‍ കലാപ്രവര്‍ത്തകരും അണിനിരക്കണമെന്നും വ്യാജപ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.''