മഴ, ദുരിതാശ്വാസ ക്യാമ്പ്; അവധി തീരുമാനം പ്രഖ്യാപിച്ച് കളക്ടർ ദിവ്യ എസ് അയ്യർ, പത്തനംതിട്ടയിലും നാളെ അവധി
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (11/7/2023) അവധി പ്രഖ്യാപിച്ചു എന്നാണ് കളക്ടർ അറിയിച്ചത്.
പത്തനംതിട്ട: സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി നാളെ അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (11/7/2023) അവധി പ്രഖ്യാപിച്ചു എന്നാണ് കളക്ടർ അറിയിച്ചത്. എന്നാൽ ഇവിടങ്ങളിലെ പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.
മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കുട്ടനാട്ടിലും അവധി
കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് നേരത്തെ തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിലും കുട്ടനാട് താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ (11/07/2023, ചൊവ്വാഴ്ച) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ടൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം 14 ാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 4 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നത്തെ യെല്ലോ ജാഗ്രത.