തലസ്ഥാനത്ത് ഓണാഘോഷത്തിന് വില്ലനാകുമോ മഴ? കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം, 8 ജില്ലകളിൽ മഴ സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനമാകുന്ന തലസ്ഥാനത്തെ ഘോഷയാത്രക്ക് മഴ വില്ലനാകുമോയെന്ന ആശങ്ക ശക്തം. രാവിലെ മുതൽ തലസ്ഥാന ജില്ലയിൽ പലയിടത്തും മഴ ശക്തമായിരുന്നു. കാലാവസ്ഥ വകുപ്പ് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലും തലസ്ഥാനമടക്കം 8 ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.
അതേസമയം സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് 02-08-2023 (ഇന്ന്) രാത്രി 08.30 മുതൽ 03-08-2023 (നാളെ) പകൽ 11 .30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം