എഐയെ പറ്റിച്ചെന്ന് ആശ്വസിക്കേണ്ട! വണ്ടിക്ക് പിന്നാലെ പറന്നും വരും ക്യാമറ, നിയമം പാലിച്ചില്ലേൽ 'എട്ടിന്‍റെ പണി'

ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെയാണ് ഡ്രോൺ നിരീക്ഷണം നടത്തുക. ബൈക്ക് റേസിംഗ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പർ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി കൺട്രോൾ റൂമിൽ എത്തിക്കും.

kerala police thiruvananthapuram city drone camera to detect traffic violators btb

തിരുവനന്തപുരം: ഇനി തിരുവനന്തപുരം നഗരത്തിന്‍റെ ആകാശത്ത് നിരീക്ഷണ കണ്ണുകളുമായി പൊലീസ് ഡ്രോണുകൾ വട്ടമിട്ട് പറക്കും. ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനാണ് ഡ്രോൺ നിരീക്ഷണ സംവിധാനം തിരുവനന്തപുരം സിറ്റി പൊലീസ് ഉപയോഗപ്പെടത്തുക. സംസ്ഥാന പൊലീസിന്‍റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രവർത്തനം തിരുവനന്തപുരം സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ നാഗരാജു പറഞ്ഞു.

ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെയാണ് ഡ്രോൺ നിരീക്ഷണം നടത്തുക. ബൈക്ക് റേസിംഗ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പർ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ വഴി കൺട്രോൾ റൂമിൽ എത്തിക്കും. നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും.

സീബ്രാ ലൈനുകളിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാർക്കിങ് നടത്തുന്നവരെയും ഡ്രോൺ തിരിച്ചറിയും. ഡ്രോണിലെ അള്‍ട്രാ സൂം കാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വിഡിയോകളും ഒപ്പിയെടുക്കും. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശകാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും.

സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോൾ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്ത് അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ റോഡ് നിയമ  ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിക്കുന്നതിനെ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം അനുകൂലിച്ചിരുന്നു. അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. 

കേരള തീരത്ത് കാലവർഷ മേഘങ്ങളുടെ സാന്നിധ്യം; കുടുതൽ മേഖലകളിൽ മഴ, 2 ജില്ലകളിൽ പ്രത്യേക നിർദേശം; ഓറഞ്ച് അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

 

Latest Videos
Follow Us:
Download App:
  • android
  • ios