ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി, നിരവധി ജീവൻ കൈപിടിച്ച് കയറ്റി, രാപ്പകലില്ലാതെ വയനാടിന് കാവലായി കേരള പൊലീസ്
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയാകുകയായിരുന്നു കേരള പൊലീസ്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുടര്‍ച്ചയായി ഉരുള്‍പൊട്ടല്‍. ഉഗ്ര ശബ്ദത്തോടെ വെള്ളവും മണ്ണും പാറക്കല്ലുകളും കുതിച്ചെത്തിയതിന് ശേഷവും ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കുമൊപ്പം പൊലീസും രക്ഷാപ്രവര്‍ത്തകരായി.
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം പുറത്തറിഞ്ഞ ആദ്യനിമിഷങ്ങളില്‍ നാട്ടുകാരോടൊപ്പം ചൂരല്‍മലയിലെത്തിയതാണ്. ഈ നിമിഷം വരെ എല്ലാത്തിലും ഭാഗവാക്കായി കേരള പൊലീസിലെ വലിയൊരു സംഘം ഇവിടെയുണ്ട്. രാപ്പകല്‍ ഭേദമന്യേ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ കാവലും കരുതലുമാകുകയാണ് ഇവര്‍. ഉരുള്‍പൊട്ടല്‍ അറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് മേപ്പാടി പൊലീസാണ്. പിന്നീട് ഫയര്‍ഫോഴ്‌സും തൊട്ടുപിന്നാലെ ജില്ല പൊലീസ് മേധാവി ടി. നാരായണനും സംഘവും സ്ഥലത്തെത്തി. ദുരന്തത്തിന്റെ വ്യാപ്തി കണ്ട് പകച്ചു നില്‍ക്കാതെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധ സംഘടനകളോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയാകുകയായിരുന്നു കേരള പൊലീസ്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുടര്‍ച്ചയായി ഉരുള്‍പൊട്ടല്‍. ഉഗ്ര ശബ്ദത്തോടെ വെള്ളവും മണ്ണും പാറക്കല്ലുകളും കുതിച്ചെത്തിയതിന് ശേഷവും ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കുമൊപ്പം പൊലീസും രക്ഷാപ്രവര്‍ത്തകരായി. കേരള പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ആണ് അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ദുരന്ത മുഖത്ത് ആദ്യ മങ്കി റോപ്പ് ഓപ്പറേഷന്‍ നടത്തി മുണ്ടക്കൈ ഭാഗത്ത് കുടുങ്ങികിടന്നവരെ രക്ഷപ്പെടുത്തിയത് എസ്.ഒ.ജിയാണ്. കൈക്കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്തും തോളത്തിരുത്തിയും പുഴയും കുന്നും കടന്നുവന്ന സ്ത്രീകളെയും മുതിര്‍ന്നവരെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് അവര്‍ എത്തിച്ചു.
പ്രതികൂല കാലാവസ്ഥയില്‍ രാത്രിയുടെ ഉള്ളുലക്കുന്ന തണുപ്പ് മറന്ന്, ചൂരല്‍മല പാലം തകര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാന്‍ ആദ്യം പാലം നിര്‍മിച്ചത് എസ്.ഒ.ജി ആയിരുന്നു. ഈ പാലമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ സഹായകമായത്. സൈന്യമടക്കമുള്ള ഫോഴ്‌സിന് മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനുളള സാഹചര്യവും പൊലീസ് സംഘം ഒരുക്കികൊടുത്തു. ദുരന്ത ബാധിത മേഖലകളിലും മേപ്പാടി, കല്‍പ്പറ്റ ഭാഗങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അനാവശ്യ യാത്രകള്‍ തടഞ്ഞു.
ആംബുലന്‍സുകളും മറ്റു അവശ്യ സര്‍വീസുകളെയും അതിവേഗം കടത്തിവിട്ടു. ദുരന്ത മേഖലയില്‍ തിരച്ചില്‍, തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍, ഗതാഗത നിയന്ത്രണം, വെഹിക്കിള്‍ പട്രോളിങ്, ഫൂട്ട് പട്രോളിങ്, മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍, ബോഡി എസ്‌കോര്‍ട്ട്, ഡാറ്റ ശേഖരണം, ദുരന്ത പ്രദേശത്ത് മോഷണം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള രഹസ്യ നിരീക്ഷണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദഗ്ദ അന്വേഷണം, ദുരിതാശ്വാസ ക്യാമ്പുകളിലെ സുരക്ഷ തുടങ്ങിയ ഡ്യൂട്ടികളാണ് പോലീസ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മേപ്പാടിയിലും ചൂരല്‍മലയിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്ട്രോള്‍ റൂമുകളുണ്ട്.
ദുരന്ത ഭൂമിയില്‍ നിന്നെത്തിക്കുന്ന മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ കാത്തിരിക്കുന്നവര്‍ക്ക് പോസ്റ്റുമോര്‍ട്ടത്തിനു മുന്നോടിയായുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ അതിവേഗത്തിലാക്കി എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനായി പ്രത്യേക പൊലീസ് സംഘം 24 മണിക്കൂറും സജീവമായിരുന്നു. ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവര്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആര്‍.സി പദ്ധതിയിലെ കൗണ്‍സിലര്‍മാരുമുണ്ട്. ദുരന്തപ്രദേശങ്ങളില്‍ മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താന്‍ പൊലീസിന്റെ കെ-9 സ്‌ക്വാഡിന് കീഴിലെ കഡാവര്‍, റെസ്‌ക്യൂ നായകളും കൂടാതെ തിരച്ചിലിനും നിരീക്ഷണത്തിനുമായി അത്യാധുനിക ഡ്രോണുകളും ഏര്‍പ്പെടുത്തിയിരുന്നു. ദൗത്യത്തിലുടനീളം ഇന്‍ക്വസ്റ്റ് നടപടികള്‍ പകര്‍ത്തി പോലീസ് ഫോട്ടോഗ്രാഫി യൂണിറ്റും രംഗത്ത് സജീവമായിരുന്നു.
ക്രമസമാധാന പാലന ചുമതലയുള്ള എം.ആര്‍ അജിത്കുമാറിന്റെ (അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്) മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വരുന്നത്. കെ. സേതുരാമന്‍ (ഉത്തരമേഖല ഇന്‍സ്‌പെക്ടര്‍ ജനറല്‍), തോംസണ്‍ ജോസ് (ഡി.ഐ. ജി കണ്ണൂര്‍ മേഖല ). ടി. നാരായണന്‍ (ജില്ലാ പോലീസ് മേധാവി, വയനാട്), തപോഷ് ബസുമതാരി (എസ്. പി, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്), അരുണ്‍ കെ പവിത്രന്‍ (കമാന്‍ഡന്റ്, കെ.എ.പി നാലാം ബറ്റാലിയന്‍) തുടങ്ങിയവരും പൊലീസ് ദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. 24 മണിക്കൂറും മേഖലകളില്‍ പൊലീസ് കുറ്റമറ്റ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.
Read More : ചൂരൽമലയിൽ എത്തി മൂന്ന് നാൾ, അതിസാഹസിക രക്ഷപ്പെടൽ, ക്യാമ്പിലെത്തിയതും പ്രസവ വേദന; നടുക്കും ഓർമ്മകളിൽ രാധിക