കാടിന് നടുവിൽ ഇന്നോവ കാറിന്‍റെ മെക്കാനിക്ക് ആയി മാറിയ കേരള പൊലീസ്; ഭയന്നുവിറച്ച് കുടുംബത്തിന് തണൽ, കയ്യടി
ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവർ കാറിൽ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കൺ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്.
വയനാട്: സമയം രാത്രി ഒരു മണി, വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാത. കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായി. ബത്തേരി-ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിൽ അർദ്ധരാത്രി കുടുങ്ങിയ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിർത്തിയില്ല.
ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവർ കാറിൽ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കൺ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പൊലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യർത്ഥിച്ചവർ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിർത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പൊലീസ് വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാർക്ക് ചെയ്തിട്ട് പോകാൻ അവർക്ക് മടിയുണ്ടായിരുന്നു.
തുടർന്ന് പൊലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രാഫിക് പൊലീസുകാർ വാഹനം നന്നാക്കിക്കൊടുത്തു. പൊലീസ് വാഹനത്തിന്റെ ലൈറ്റുകൾ തെളിച്ച് വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് പൊലീസുദ്യോഗസ്ഥർ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.
ഊട്ടിയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയിൽ കുടുങ്ങിയത്. കാനന പാതയിൽ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആർ. വിജയൻ, എസ്.സി.പി.ഒ ഡ്രൈവർ സുരേഷ് കുമാർ, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം