വേഷം മാറി വീട്ടിലെത്തിയത് പൊലീസ്, ഫോണിൽ ബന്ധപ്പെട്ടുളള 'തന്ത്ര'ത്തിൽ ശ്രീലാൽ വീണു; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളിൽ പ്രതിയായ ശ്രീലാൽ മാസമായി പൊലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു
എടത്വാ: നിരവധി കേസുകളിലെ പ്രതിയായ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീലാൽ എടത്വാ പൊലീസിന്റെ പിടിയിൽ. തലവടി നീരേറ്റുപുറം മുക്കാടൻ വീട്ടിൽ ശ്രീലാൽ (33) ആണ് എടത്വാ പൊലീസിന്റെ പിടിയിലായത്. വധശ്രമം, മയക്കുമരുന്ന് അടക്കമുള്ള കേസുകളിൽ പ്രതിയായ ശ്രീലാൽ മാസമായി പൊലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. പൊലീസ് നിരവധി തവണ പ്രതിയെ തേടി നീരേറ്റുപുറത്തെ വീട്ടിൽ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ കഴിഞ്ഞദിവസം പൊലീസ് വേഷം മാറി, മഫ്തിയിൽ വീട്ടിലെത്തി മറ്റാവശ്യങ്ങൾ പറഞ്ഞ് ശ്രീലാലിനെ ഫോണിലൂടെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
നിരവധി കേസിൽ പ്രതിയായ ശ്രീലാലിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് എടത്വാ പൊലീസ്, ജില്ല കളക്ടറോടും പൊലീസ് മേധാവിയോടും ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്തിയിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചങ്ങനാശ്ശേരി - തൃക്കൂടിത്താനം പ്രദേശങ്ങളിൽ ക്വട്ടേഷൻ സംഘാംഗമായി പ്രവത്തിച്ച കേസിലും പ്രതിയാണ് പിടിയിലായ ശ്രീലാൽ. അമ്പലപ്പുഴ ഡി വൈ എസ് പി എൻ രാജേഷ്, എടത്വാ സി ഐ എം അൻവർ, എസ് ഐ മാരായ കെ എൻ രാജേഷ്, സജികുമാർ സീനിയർ സി പി ഒ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം