ഭിന്നശേഷിക്കാരനും 2 സ്ത്രീകളും വടകര സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി, വിളിച്ചപ്പോൾ കിട്ടിയത് തൃശൂരിൽ; പരാതി
മൂന്നു പേര്‍ക്കും ട്രെയിനും നഷ്ടമായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ റെയില്‍വേക്ക് പരാതി നല്‍കുകയും ചെയ്തു
കോഴിക്കോട്: ഭിന്നശേഷിക്കാരനും രണ്ട് സ്ത്രീകളും അരമണിക്കൂറോളം കോഴിക്കോട് വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി. ലിഫ്റ്റിനകത്തെ പ്രദര്‍ശിപ്പിച്ച നമ്പറുകളില്‍ ഡയല്‍ ചെയ്തിട്ട് ഫലമുണ്ടായില്ലെന്നും ഒടുവില്‍ തൃശൂരിലേക്കാണ് വിളി പോയതെന്നും യാത്രക്കാരന്‍ പറഞ്ഞു. മൂന്നു പേര്‍ക്കും ട്രെയിനും നഷ്ടമായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ റെയില്‍വേക്ക് പരാതി നല്‍കുകയും ചെയ്തു.
വിശദവിവരങ്ങൾ ഇങ്ങനെ
വടകരയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ കയറാനായി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയ മേപ്പയ്യൂര്‍ സ്വദേശി മനോജും മറ്റ് രണ്ട് വനിതാ യാത്രക്കാരുമാണ് രാവിലെ എട്ടരയോടെ ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റിനകത്ത് പ്രദര്‍ശിപ്പിച്ച നമ്പറുകളില്‍ വിളിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് വിളി പോയത്. ലിഫ്റ്റിൽ ഒപ്പം കുടുങ്ങിയ പെണ്‍കുട്ടികള്‍ അസ്വസ്ഥരായെന്നും താന്‍ ധൈര്യം നല്‍കുകയായിരുനെന്നും ഭിന്നശേഷിക്കാരനായ മനോജ് പറഞ്ഞു. അരമണിക്കൂറിന് ശേഷമാണ് വടകര റെയില്‍വേ സ്റ്റേഷനിലെ അധികൃതരെത്തി മൂന്നുപേരെയും പുറത്തെത്തിച്ചത്. വൈദ്യുതി പോയതും ബാറ്ററി തകരാറുമാണ് കാരണമെന്നാണ് വിശദീകരണം. ലിഫ്റ്റ് കേടാകുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പുറത്തിറങ്ങിയപ്പോഴേക്കും മൂന്നുപേര്‍ക്കും ട്രെയിന്‍ നഷ്ടമായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ ബംഗളുരുവിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലിഫ്റ്റിലേക്ക് കയറുന്നതിനിടെ വാതിലുകൾ അടഞ്ഞ് മുകളിലേക്ക് ഉയർന്നതുമൂലമുണ്ടായ അപകടത്തിൽ 52 കാരന് ജീവൻ നഷ്ടമായി എന്നതാണ്. ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങിയ നിലയിൽ മുകളിലേക്ക് ഉയർന്ന് ഭിത്തിയിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. റിച്ച്മണ്ട് റോഡിലെ എച്ച് ജെ എസ് ചേംബേഴ്സിലാണ് അപകടമുണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന എം പി സ്വർണ മഹൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ലക്ഷ്മൺ എന്നയാളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ കഴിഞ്ഞ 26 വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലക്ഷ്മണിന്‍റെ ജീവൻ നഷ്ടമായ അപകടം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം