'ഒരു ഒഡീഷക്കാരൻ വരുന്നുണ്ട്, പൊക്കണം'; ഇന്‍റലിജൻസ് വിവരം, കോഴിക്കോട് കാത്തിരുന്നു, കിട്ടിയത് 7.3 കിലോ കഞ്ചാവ്
ഇന്‍റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഒഡീഷ സ്വദേശിയെ പിടികൂടിയത്. പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച 7.36 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 7.36 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്‌തു. ഒഡീഷ ഗഞ്ചാം ജില്ലയിൽ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 ) യാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിതിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പൊക്കിയത്.
അതിനിടെ ആലപ്പുഴയും എക്സൈസ് കഞ്ചാവ് പിടികൂടി. ആലപ്പുഴ കൈനകരി സ്വദേശി വിനീതിനെ (36)യാണ് 1.277 കിലോഗ്രാം കഞ്ചാവുമായിഅറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഇ.കെ.അനിൽ, സി.വി.വേണു, ഷിബു.പി.ബെഞ്ചമിൻ, വിജയകുമാർ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, വിപിൻ.വി.ബി, വർഗീസ് പയസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവറായ വർഗീസ്.എ.ജെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.