ചില്ലുപാലം ചൈനയിൽ മാത്രമല്ല, നമ്മുടെ തലസ്ഥാനത്തും! മന്ത്രി റിയാസ് പ്രഖ്യാപിച്ചിട്ട് 6 മാസം, ആക്കുളത്തെ അവസ്ഥ!
ആക്കുളത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സാഹസികര്‍ക്കായിതാ ചില്ലുപാലം വരുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് മെയ് മാസത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാരംഭ പണികൾ തുടങ്ങിയിരുന്നു
തിരുവനന്തപുരം: ചില്ലുപാലം, കണ്ണാടിപ്പാലം, അഥവാ ഗ്ലാസ് ബ്രിഡ്ജ്, ചൈനയിലെ ആകർഷണീയമായ ആ ചില്ലുപാലം കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തും കാണാം എന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് തലസ്ഥാനത്തെ ആക്കുളം വിനോദ സഞ്ചാര കേന്ദ്രത്തിൽ ചില്ലുപാലം ആറ് മാസത്തിനകം വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷവും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ ആക്കുളത്തെ ചില്ലുപാലം സാങ്കേതിക കാരണങ്ങളാൽ വൈകുന്നു എന്നാണ് വ്യക്തമാകുന്നത്.
ആക്കുളത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സാഹസികര്‍ക്കായിതാ ചില്ലുപാലം വരുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് മെയ് മാസത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രാരംഭ പണികൾ തുടങ്ങിയിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ പാലം സഞ്ചാരികൾക്ക് തുറന്ന് നൽകുമെന്നാണ പറഞ്ഞിരുന്നത്. ഒരു മാസം കൂടി കഴിഞ്ഞ് നവംബര്‍ അവസാനിക്കാറായിട്ടും ചില്ലു പാലം പണി തൂണുകളിൽ ഒതുങ്ങി നിൽക്കുന്നേ ഉള്ളു എന്ന് ആക്കുളത്തെത്തുന്ന ആർക്കും കാണാം.
നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ട ചില്ലിന്‍റെ സുരക്ഷാ പരിശോധന നീളുന്നതാണ് തടസമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. സാങ്കേതിക തടസം എന്ന് തീരുമെന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരം ഇല്ലെന്നതാണ് യാഥാർത്ഥ്യം. സാഹസികരായ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമായി അതിവേഗം വളരുകയാണിപ്പോൾ ആക്കുളം. ആകാശ സൈക്ലിംഗ് അടക്കം വലുതും ചെറുതുമായ ഒട്ടേറെ റൈഡുകളുണ്ട്. ഒരു കോടി രൂപയോളമാണ് പൊതു സ്വകാര്യ പങ്കാളിതത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചിലവ്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്‍റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം പരിപാലിക്കുന്നത്. ആക്കുളത്ത് ചില്ലുപാലം കൂടി എത്താനായി കാത്തിരിക്കുകയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം