തൃശ്ശൂരിൽ മുത്തശ്ശിയും രണ്ട് വയസുകാരിയും സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണു, രക്ഷകരായി ഫയർഫോഴ്സ്
തൃശ്ശൂരിലെ ഒല്ലൂരിൽ വീടിന് പിറകിലെ സെപ്റ്റിക് ടാങ്കിൽ വീണ് കിടന്ന 62-കാരിക്കും രണ്ട് വയസുകാരിക്കും രക്ഷകരായി ഫയർഫോഴസ്
തൃശ്ശൂർ: തൃശ്ശൂരിലെ ഒല്ലൂരിൽ വീടിന് പിറകിലെ സെപ്റ്റിക് ടാങ്കിൽ വീണ് കിടന്ന 62-കാരിക്കും രണ്ട് വയസുകാരിക്കും രക്ഷകരായി അഗ്നിരക്ഷാസേന. കോർപറേഷൻ ഡിവിഷൻ 31 -ൽ ഒല്ലൂരിൽ വീടിനു പിറകുവശത്തുള്ള ഉപയോഗിക്കാത്ത ബലക്ഷയമുള്ള സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. കൊച്ചുമകളായ സിയയെ എടുത്ത് നടക്കുകയായിരുന്നു റീമ. ഈ സമയം സ്ലാബ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിനകത്തേക്ക് വീണ റീമയുടെ കാൽ സ്ലാബിന് അടിയിൽ കുടുങ്ങി. ഇതോടെ കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു അവർ.
തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. തുടർന്ന് കാലിൽ പരുക്ക് പറ്റിയ സ്ത്രീയെ മറ്റ് പരുക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തുകയും ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ദിനേശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നവനീത കണ്ണൻ, ദിനേശ്, സജിൻ, ജിമോദ്, അനിൽകുമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
അതേസമയം, മലപ്പുറം ഇരുമ്പുഴിയില്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ പശ്ചിമ ബംഗാള്‍ സ്വദേശി സലീം നിഗ (34) ത്തെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തിയ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. ആനക്കയം പഞ്ചയത്തില്‍ അരിപ്പറ്റ സൈഫുള്ളയുടെ വീട്ടിലെ കിണറിലെ വെള്ളം അടിച്ചു കളഞ്ഞു കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീണ്ടും 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു സലീം.
ഉടനെ വീട്ടുകാര്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയെ വിവരമറിയുകയായിരുന്നു. സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ പാറ നിറഞ്ഞ കിണറില്‍ അതിഥി തൊഴിലാളി ഗുരുതര പരിക്കുകളോടെ വീണു കിടക്കുകയായിരുന്നു. രക്ഷിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലാളിയും കിണറില്‍ ഇറങ്ങിയിരുന്നു. ഉടനെത്തന്നെ സേന അംഗമായ എ സ് പ്രദീപ് ഹാര്‍നെസ്സ്ന്റെയും റോപിന്റെയും സഹായത്തോടെ കിണറ്റില്‍ ഇറങ്ങി. ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടാവാം എന്ന സംശയത്തില്‍ റെസ്‌ക്യൂ വലയുടെ കൂടെ പലകയില്‍ കിടത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരക്ക് കയറ്റുകയായിരുന്നു.