പൾസർ ബൈക്കിൽ പെരിക്കല്ലൂരില്‍ യുവാക്കളുടെ കറക്കം, വഴിയിലെ പരിശോധനയിൽ കുടുങ്ങി; കണ്ടെടുത്തത് കഞ്ചാവ്
പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തില്‍ വീട്ടില്‍ ശ്യാംമോഹന്‍ (22), പെരിക്കല്ലൂര്‍ സ്വദേശി മുക്കോണത്ത്‌തൊടിയില്‍ വീട്ടില്‍ എം പി അജിത്ത് (25) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 1.714 കിലോ ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച പൾസർ ബൈക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, പ്രിവന്റീവ് ഓഫീസര്‍ എം എ സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ബി നിഷാദ്, എം സുരേഷ്, ഇ ആര്‍ രാജേഷ്, ടി മുഹമ്മദ് മുസ്തഫ, സിവില്‍ എക്‌സൈസ് ഓഫീസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് കൈമാറി. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം