ബസ് യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം, വിലക്കിയിട്ടും തുടർന്നു; യുവതി വിട്ടില്ല, ബസ് ഇറങ്ങി പരാതി നൽകി
ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കഴിഞ്ഞ് ദിവസമായിരുന്നു സംഭവം
മാനന്തവാടി: ബസ് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസല്‍ (49) ആണ് തിരുനെല്ലി പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കഴിഞ്ഞ് ദിവസമായിരുന്നു സംഭവം.
തിരുനെല്ലി പൊലീസ് സ്റ്റേഷനിലെത്തി യുവതിയും ബസ് ജീവനക്കാരും പരാതി നല്‍കുകയായിരുന്നു. യാത്രയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത ഫൈസല്‍ കയറി പിടിച്ചതായാണ് പരാതി. ആദ്യം താക്കീത് നല്‍കിയെങ്കിലും തുടര്‍ന്നും ഇയാള്‍ സമാന രീതിയില്‍ പെരുമാറിയതോടെ യുവതി ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കെ എസ് ആർ ടി സി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ മിമിക്രി താരം ബിനു കമാൽ റിമാൻഡിലായി എന്നതാണ്. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിൽ വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി കെ എസ് ആർ ടി സി ബസിൽ നിന്ന് ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് മോശമായി പെരുമാറി; മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ