കാട്ടൂര്‍ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട്
ക്രമക്കേടൊന്നുമില്ലെന്നാണ് ബാങ്ക് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ വിശദീകരിക്കുന്നത്. കരുതൽ നടപടികൾക്കായി പണം നീക്കിവച്ചതുകൊണ്ടാണ് നഷ്ടം കാണിച്ചതെന്നും ബാങ്ക് വിശദീകരണം
തൃശൂർ: തൃശൂരിൽ യുഡിഎഫ് നേതൃത്വം നല്‍കുന്ന കാട്ടൂര്‍ സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. വായ്പാ വിതരണത്തിലടക്കം വ്യാപക ക്രമക്കേട് നടന്നെന്ന് അക്കമിട്ട് നിരത്തുകയാണ് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട്. മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന ആക്ഷേപവുമായി നഗരസഭ കൗണ്‍സിലര്‍ ടി കെ ഷാജു രംഗത്തെത്തി.
അനുമതി ഇല്ലാതെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നു, വ്യാപാര സ്ഥാപനങ്ങളില്‍ കണക്കിലുള്ള സ്റ്റോക്കില്ല തുടങ്ങി ക്രമക്കേടുകൾ അക്കമിട്ട് നിരത്തുകയാണ് തൃശൂർ കാട്ടൂർ സഹകരണ ബാങ്കിൽ സഹകരണ ഓഡിറ്റ് വകുപ്പ്. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയ്ക്ക് പുറത്ത് വായ്പകള്‍ നല്‍കി എന്നാണ് മറ്റൊരു കണ്ടെത്തൽ. ഗുരുതരമായ മറ്റൊരു കണ്ടെത്തൽ, ഭരണ സമിതി അംഗങ്ങളുടെ ക്രമക്കേടാണ്. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ പേരില്‍ കോടികളുടെ കുടിശ്ശികയുണ്ട്. ക്രമക്കേടുകളിലൂടെ ബാങ്കിന് മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടായതായും 2022 - 23 കാലത്തെ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈ തുക ഈടാക്കാനാണ് ശുപാർശ.
അതേസമയം ക്രമക്കേടൊന്നുമില്ലെന്നാണ് ബാങ്ക് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ വിശദീകരിക്കുന്നത്. കരുതൽ നടപടികൾക്കായി പണം നീക്കിവച്ചതുകൊണ്ടാണ് നഷ്ടം കാണിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു. വിഷൻ മിഷൻ എന്ന പേരിൽ പദ്ധതി രൂപീകരിച്ച് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയതായും ബാങ്ക് അധികൃതർ വിശദീകരിച്ചു.