കാസര്‍കോട് വികസന പാക്കേജ്; വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു
കാസര്‍കോട് വികസന പാക്കേജിനായി ഈ വര്‍ഷം ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കി കഴിഞ്ഞു.
കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു.
കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല യോഗത്തില്‍ ജില്ലയിലെ 5 പദ്ധതികള്‍ക്കായി 10.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം ഇതോടുകൂടി ഭരണാനുമതി തുകയില്‍ ഭേദഗതി വരുത്തിയത് ഉള്‍പ്പെടെ കാസര്‍കോട് വികസന പാക്കേജിനായി ഈ വര്‍ഷം ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കി കഴിഞ്ഞു.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദയപുരം തൂങ്ങല്‍ റോഡ് നിര്‍മ്മാണത്തിനായി 499 ലക്ഷം രൂപയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 256.18 ലക്ഷം രൂപയും, മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ കാനത്തൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനും പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി ജി യു പി സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനും ചട്ടഞ്ചാലിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റുകളിലേക്ക് കുടിവെള്ള വിതരണ പദ്ധതിക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്.
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് മേല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. കാസര്‍കോട് വികസന പാക്കേജില്‍ 2024-25 സാമ്പത്തിക വര്‍ഷം സംസ്ഥാന ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഇതിനോടകം തന്നെ ഭരണാനുമതി നല്‍കാന്‍ സാധിച്ചത് സംസ്ഥാനത്ത് കാസര്‍കോട് ജില്ലയുടെ മികച്ച നേട്ടമാണെന്നും ജില്ലയുടെ പൊതുവായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മേല്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും നിഷ്‌കര്‍ഷിച്ച പൂര്‍ത്തീകരണ കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.