സഞ്ചാരികളേ വരൂ, കക്കയം വിളിക്കുന്നു; തുറക്കുന്നത് 100 ദിവസത്തിന് ശേഷം
വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് വനംവകുപ്പ് അധികൃതര്‍
കോഴിക്കോട്: വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കക്കയം ഡാം സൈറ്റ് മേഖലയിലേക്കുള്ള പ്രവേശനം നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ഇക്കോ ടൂറിസം സെന്റര്‍ തുറക്കാത്തതിനാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിച്ചിരുന്നില്ല.
കഴിഞ്ഞ ജനുവരി 20നാണ് എറണാകുളം സ്വദേശിയായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. പിന്നീട് മാര്‍ച്ച് അഞ്ചിന് പ്രദേശത്തെ കര്‍ഷകനായ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. ടൂറിസം കേന്ദ്രം അടച്ചിട്ടതിനാല്‍ വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളും ഓട്ടോ ടാക്‌സി ജീവനക്കാരും ദുരിതത്തിലായിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസര്‍ എന്‍. പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി. വിജിത്ത്, സുനില്‍ പാറപ്പുറം, മുജീബ് കോട്ടോല, സിബി മണ്ണനാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇ പാസുണ്ടെങ്കിൽ വെൽക്കം ടു ഊട്ടി, കൊടൈക്കനാൽ; പാസെടുക്കുന്നതിങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം