പൊലീസ്, എക്സൈസ് കേസുകള്‍; വയനാട്ടില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കുപ്പാടി തയ്യില്‍ വീട്ടില്‍ സുബൈര്‍ എന്ന സുബീറിനെയാണ് അറസ്റ്റ് ചെയ്തത്. 26 വയസ്സ് പ്രായം. ജില്ലാ പൊലീസ് മേധാവി പദം സിങ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.
വയനാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും എക്‌സൈസ് വകുപ്പിന് കീഴിലുമുള്ള കേസുകളില്‍ സുബീര്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ബത്തേരി എസ് എച്ച് ഒ എം എ സന്തോഷും സംഘവുമാണ് സുബീറിനെ അറസ്റ്റ് ചെയ്തത്.
കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു; സ്കൂട്ടറുമായി മുങ്ങി അറുപത് വയസോളം പ്രായമുള്ളയാൾ
അതേസമയം കാസർകോട് ജില്ലയില്‍ ബൈക്ക് മോഷണം പതിവാകുന്നു. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പരിസരത്ത് നിന്ന് സ്കൂട്ടര്‍ മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തേത്. റെയിൽവേ സ്റ്റേഷന് സമീപത്തും പരിസരങ്ങളിലും നിർത്തിയിടുന്ന ബൈക്കുകളാണ് വിദഗ്ധമായി മോഷ്ടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് കൂടുതൽ മോഷണം.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട് പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. 60 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ. മോഷിക്കുന്ന ബൈക്ക് വിൽക്കുകയോ, മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന.