Asianet News MalayalamAsianet News Malayalam

പിആര്‍ഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും ഉടന്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍ എംപി

ക്വട്ടേഷനോ ടെണ്ടറോ ഇല്ലാതെയാണ് ഈ ജോലികള്‍ ഇവര്‍ക്ക് നല്കിയത്. പിണറായി സര്‍ക്കാരിന്റെ നിരവധി പിആര്‍ ജോലികള്‍ ഈ സ്ഥാപനത്തിനാണ് നൽകിയതെന്ന് പരസ്യ ഏജന്‍സികള്‍ പരാതിപ്പെട്ടിട്ടുണ്ട്. 

K Sudhakaran MP says PRD corruption and role in Chief Minister s office should be investigated immediately
Author
First Published Sep 9, 2024, 8:33 PM IST | Last Updated Sep 9, 2024, 8:33 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമിനുക്കാനായി കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 23 കോടി രൂപ നൽകിയ എന്റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് നൽകിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്. ക്വട്ടേഷനോ ടെണ്ടറോ ഇല്ലാതെയാണ് ഈ ജോലികള്‍ ഇവര്‍ക്ക് നല്കിയത്. പിണറായി സര്‍ക്കാരിന്റെ നിരവധി പിആര്‍ ജോലികള്‍ ഈ സ്ഥാപനത്തിനാണ് നൽകിയതെന്ന് പരസ്യ ഏജന്‍സികള്‍ പരാതിപ്പെട്ടിട്ടുണ്ട്. 

100 കോടിയിലധികം രൂപ മാധ്യമങ്ങള്‍ക്ക് കുടിശികയുള്ളപ്പോള്‍ ഈ സ്ഥാപനത്തിന് കുടിശികയില്ലെന്നും പറയപ്പെടുന്നു. സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാ വര്‍ഷവും എന്റെ കേരളം പരിപാടി നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് വന്‍വിവാദമായ നവകേരള സദസ് നടത്തിയത്. നിരവധി ആരോപണങ്ങളാണ് ഈ പരിപാടികളെക്കുറിച്ച് ഉയര്‍ന്നത്.

നവകേരള സദസിനോട് അനുബന്ധിച്ചു നടത്തിയ പരിപാടികള്‍ക്ക് പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച ഫണ്ട് പിആര്‍ഡി ഡയറക്ടറുടെ അക്കൗണ്ടിലാണ് വന്നത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നേതൃത്വത്തില്‍ ചരടുവലി നടന്നെങ്കിലും കണ്ണൂര്‍ ലോബിയുമായി ഊഷ്മള ബന്ധമുള്ള അദ്ദേഹം അതിനെ അതിജീവിച്ചു. പിആര്‍ഡി ഇപ്പോള്‍ ഉന്നതന്റെ നേതൃത്വത്തിലും ഡയറക്ടറുടെ നേതൃത്വത്തിലും  ചേരിതിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് ഈ ചേരിതിരിവിന്റെയെല്ലാം അടിസ്ഥാനം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വരെ ആരോപണങ്ങള്‍ നേരിട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍വാസവും അനുഭവിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ  ഭരണകക്ഷി എംഎല്‍എ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാമനെതിരേ ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സെക്രട്ടേറിയേറ്റ് മാർച്ചിലെ മർദ്ദനം; കന്റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയുമായി അബിൻ വർക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios