ലക്ഷങ്ങളുടെ ശമ്പളം, സിംഗപ്പൂരിലെ ഓയിൽ കമ്പനിയിൽ ജോലി, എല്ലാം നുണ; വയനാട്ടില്‍ 11 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

മാസങ്ങള്‍ക്കിടെ വയനാട് ജില്ലാ സൈബര്‍ പൊലീസ് തുമ്പുണ്ടാക്കുന്ന മൂന്നാമത്തെ ജോലിതട്ടിപ്പ് കേസാണിത്

job offered in oil company in singapore cheated of 11 lakh wayanad police arrested two in inter state job fraud gang SSM

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് വലയിലാക്കി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. 

സിംഗപ്പൂരിലെ 'പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്' കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ സംഘത്തിനെതിരെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

മാസങ്ങള്‍ക്കിടെ വയനാട് ജില്ലാ സൈബര്‍ പൊലീസ് തുമ്പുണ്ടാക്കുന്ന മൂന്നാമത്തെ ജോലിതട്ടിപ്പ് കേസാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാനഡയില്‍ തൊഴില്‍വിസ വാഗ്ദാനംചെയ്ത് കല്പറ്റ സ്വദേശിനിയില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയക്കാരന്‍ മോസസിനെ ബംഗളൂരുവില്‍ നിന്ന് സൈബര്‍ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ദില്ലി സ്വദേശികളെ സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. 

ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെ ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ദില്ലി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ (43), ബിഹാര്‍ സ്വദേശിയും ദില്ലി തിലക് നഗറില്‍ താമസിച്ചിരുന്നതുമായ രവി കാന്ത്കുമാര്‍ (33) എന്നിവരായിരുന്നു പിടിയിലായത്. അതിനിടെ വയനാട് കേന്ദ്രീകരിച്ച് തൊഴില്‍ തട്ടിപ്പുസംഘങ്ങള്‍ സജീവമാകുന്നുണ്ടോ എന്ന ആശങ്കയിലാണ് തൊഴിലന്വേഷകര്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റസാഖ്, ഷുക്കൂര്‍, അനൂപ്, സിപിഒ റിജോ എന്നിവരും ട്രിച്ചിയിലെ തൊഴില്‍ത്തട്ടിപ്പ് സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios