'ആ ഓട്ടോ എവിടെ, ദാ ഈ ജീപ്പിലുണ്ട്' കൌതുകമുണർത്തി ഷമീമിന്റെ നിർമിതി
ഓട്ടോറിക്ഷയോ? അതൊക്കെ പണ്ട്, ഇപ്പൊ അതൊരു പുത്തൻ കുഞ്ഞു ജീപ്പ് ആണ് എന്നാണ് ഷമീം പറയുന്നത്. പറച്ചിൽ മാത്രമല്ല, ഷമീമിന്റെ പുത്തൻ നേട്ടങ്ങൾ ചെയ്തിയിലൂടെ തന്നെ കാണാം
മലപ്പുറം: ഓട്ടോറിക്ഷയോ? അതൊക്കെ പണ്ട്, ഇപ്പൊ അതൊരു പുത്തൻ കുഞ്ഞു ജീപ്പ് ആണ് എന്നാണ് ഷമീം പറയുന്നത്. പറച്ചിൽ മാത്രമല്ല, ഷമീമിന്റെ പുത്തൻ നേട്ടങ്ങൾ ചെയ്തിയിലൂടെ തന്നെ കാണാം. എടവണ്ണ പോളിടെക്‌നിക്ക് കോളജിലെ വിദ്യാർഥിയായ മുഹമ്മദ് ഷമീം നിർമിച്ച ജീപ്പാണ് ഇപ്പോൾ നാട്ടുകാർക്ക് കൗതുകമാകുന്നത്.
റോഡിലെ കുതിക്കുന്ന ചുവന്ന മിനിജീപ്പ് കണ്ടാൽ ആരായാലും ഒന്ന് കൗതുകം കൊണ്ട് നോക്കിപ്പോകും. ഓട്ടോയുടെ എൻജിൻ ഉപയോഗിച്ചാണ് ജീപ്പ് നിർമിച്ചിരിക്കുന്നത്. ജീപ്പിനോട് ചെറുപ്പം മുതലെയുള്ള ഇഷ്ടമാണ് അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശിയായ ഷമീമിനെ ഓട്ടോ ജീപ്പാക്കാൻ പ്രേരിപ്പിച്ചത്.
ജീപ്പിന്റെ നാല് ടയറുകളും ഓട്ടോയുടേത് തന്നെ. ഹെഡ്‌ലൈറ്റുകൾ സ്ഥാപിച്ചതും ഓട്ടോയുടെതാണ്. വാഹനത്തിലന്റെ കനം കുറക്കാൻ അലുമിനിയം ശീറ്റുകൾ ഉപയോഗിച്ചാണ് ബോഡി നിർമിച്ചത്. ജീപ്പിനെപ്പോലെ ഗിയറുകളും സെറ്റ് ചെയ്തിട്ടുണ്ട്. ഓട്ടോയുടെ ഹാൻഡ് ഗിയറാണ് ജീപ്പിനെപ്പോലെ പുനർനിർമിച്ചത്.
പഴയ എൻജിൻ ഉപയോഗിച്ചതിനാൽ വാഹനത്തിന് സെൽഫ് സ്്റ്റാർട്ടിംഗ് വരുന്നില്ല. വാഹനത്തിന്റെ റൂഫ് നിർമിക്കാൻ സാധാരണ ജീപ്പിനുള്ള ഷീറ്റാണ് ഉപയോഗിച്ചത്. പഠന സമയത്തെ ഒഴിവുകൾക്കനുസരിച്ചാണ് ഷമീം വാഹന നിർമാണം പൂർത്തിയാക്കിയത്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചതിനാൽ മൂന്ന് മാസം കൊണ്ട് വാഹനം 'നിരത്തിലിറക്കാൻ' സാധിച്ചുവെന്ന് ഷമീം പറയുന്നു. എന്തായാലും ഷമീമിന്റെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ് നാടും നാട്ടുകാരുമെല്ലാം.