കൊല്ലത്ത് പിണങ്ങി കഴിയുന്ന ഭാര്യയെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
![Husband stabs wife in kollam Husband stabs wife in kollam](https://static-gi.asianetnews.com/images/01jkk7znghamg771g0pjhnzacq/husband-wife_363x203xt.jpg)
കൊല്ലം : കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെയാണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ റിയാസ് ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്നിയുടെ കൈക്കും വയറിനുമാണ് കുത്തേറ്റത്.
അക്രമണം തടയാനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന തടി കഷ്ണം കൊണ്ട് തസ്നി റിയാസിനെ അടിച്ചു. സംഭവം അറിഞ്ഞെത്തിയ കടയ്ക്കൽ പൊലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തസ്നി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിൽ എടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കടയ്ക്കൽ പൊലീസ് അറിയിച്ചു.