27 വയസുകാരി സിനിയുടെ അസ്വാഭാവിക മരണം, കാരണം മൊബൈൽ തർക്കം, ഒരു സാക്ഷിയുമില്ല, പക്ഷേ തെളിഞ്ഞു, ഭർത്താവിന് ശിക്ഷ
2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
മേപ്പാടി: മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.
2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേല്‍പ്പിച്ച ശേഷം തല ചുമരില്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടിയുടെ അടിഭാഗത്തും, നട്ടെല്ലിന്റെ മുകള്‍ ഭാഗത്തും രക്തസ്രാവമുണ്ടായതാണ് മരണ കാരണം.
ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് കുറ്റവാളിയെ പൊലീസ് കണ്ടെത്തുന്നതും ശിക്ഷ നേടികൊടുക്കുന്നതും. അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ എസ് ജിതേഷ് ആണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ടി എ അഗസ്റ്റിന്‍ തുടരന്വേഷണം നടത്തുകയും പിന്നീട് വന്ന മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജി രാജ്കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എ എസ് ഐ വി ജെ എല്‍ദോ, എസ് സി പി ഒ കെ മുജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം