രേഖകളില്‍ ഭൂവുടമകള്‍, കഴിയുന്നത് വാടക വീട്ടില്‍; 'മരിച്ച മണ്ണില്‍'നിന്ന് മലയോര കര്‍ഷകരുടെ കൂട്ട പലായനം
മലഞ്ചെരുവുകളിൽ അധ്വാനിച്ചു ജീവിതം വിളയിച്ചവരാണ് കുടിയേറ്റ കർഷകർ. എന്നാൽ വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ചു കൂട്ടത്തോടെ കുടിയിറങ്ങുകയാണ് നൂറുകണക്കിന് കർഷകരിന്ന്. വാടക വീടുകളിൽ അഭയം തേടുന്നവർ, വഴിമുട്ടി ജീവനൊടുക്കിയവർ, സർക്കാർ സഹായങ്ങൾക്ക് പുറത്താകുന്നവർ. ആ ജീവിതങ്ങൾ അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'മരിച്ച മണ്ണ്'
കണ്ണൂര്‍: സ്ഥലവും വീടുമുണ്ടായിട്ടും, ഉപയോഗമില്ലാതെ ദുരിത ജീവിതം നയിക്കേണ്ട ഗതികേടിലാണ് മലയോര കർഷകർ. വന്യമൃഗശല്യം കാരണം രണ്ടരയേക്കർ ഭൂമിയും വീടും ഉപേക്ഷിക്കേണ്ടി വന്നതിന്‍റെ സങ്കടത്തിലാണ് കണ്ണൂർ അയ്യൻ കുന്നിലെ സുബ്രഹ്മണ്യൻ (71) ജീവനൊടുക്കിയത്. ഭൂമിയുളളതിനാൽ, ജീവിക്കാൻ നിർവാഹമില്ലാഞ്ഞിട്ടും കുടുംബം ആനുകൂല്യങ്ങൾക്ക് പുറത്തായി. വിൽക്കാനാകാത്ത ആദായമില്ലാത്ത ഭൂമി കർഷകന് ബാധ്യതയായി തീരുകയായിരുന്നു.
സുബ്രഹ്മണ്യന്‍ വിട്ടുപോയതിന്‍റെ വേദനയില്‍ ഇപ്പോഴും വേദനകള്‍ ഉള്ളിലൊതുക്കി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ കനകമ്മയുടെ കണ്ണില്‍നിന്നും കണ്ണീര്‍ പൊടിഞ്ഞു. "പന്ത്രണ്ട് മണിയാകുമ്പോ എന്നെ വിളിച്ചു. ഞാൻ ചോറു കഴിച്ചെടീ.. ഇന്ന് മീനൊന്നും വാങ്ങിയില്ല. നീ അത് വാങ്ങി പോരേ എന്ന് പറഞ്ഞു. ഞാൻ ഒരു കവറ് പാലും മീനുമൊക്കെ വാങ്ങി വരുമ്പോഴാണ് കണ്ടത്" -സുബ്രഹ്മണ്യന്‍റെ ഭാര്യ കനകമ്മ ഓര്‍ത്തെടുത്തു. പേര മരത്തില്‍ കെട്ടി തൂങ്ങിയണ് സുബ്രഹ്മണ്യന്‍ ജീവനൊടുക്കിയതെന്നും ഭൂമിയുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ കഴിയേണ്ട ദുരവസ്ഥയിലായിരുന്നുവെന്നും അയ്യന്‍കുന്ന് പഞ്ചായത്തംഗമായ ബിജോയ് പറയുന്നു.
മുടിക്കയത്ത് രണ്ടരയേക്കറും ഒരു വീടും ഉണ്ടായിട്ടും വന്യമൃഗശല്യത്താല്‍ ഒന്നും ചെയ്യാനാകാതെ ജീവനും കൊണ്ട് അവിടെനിന്നും ഇറങ്ങുകയായിരുന്നു. '37 വർഷം ഞങ്ങളവിടെ താമസിച്ചു. ആന വന്ന് പേടിയായിട്ടാണ് അവിടുന്ന് ഇറങ്ങിയത്. എല്ലാം ആന നശിപ്പിക്കും. ഒരു ലക്ഷം വരെ ആദായമുണ്ടായിരുന്നു. അത് വെറും 8000 രൂപയ്ക്കാണ് ഈയിടെ പാട്ടം കൊടുത്തത്' കനകമ്മ പറയുന്നു. ഇപ്പോള്‍ ക്യാന്‍സറും പിടിമുറുക്കി. രണ്ട് വർഷം മുമ്പ് എല്ലാം വിട്ടിറങ്ങി വാടകവീട്ടിലേക്ക് മാറുകയായിരുന്നു. നാട്ടുകാരുടെ സഹായത്തിലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്.
രേഖയിൽ ഏക്കറുകളുളളയാളായതിനാല്‍ തന്നെ സര്‍ക്കാരില്‍നിന്ന് ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല."റേഷൻ കാർഡ് ബിപിഎല്ലാക്കി കിട്ടിയില്ല. ഒരു പെൻഷൻ പോലും കിട്ടിയില്ല. എല്ലാം ഈ സ്ഥലമുളളതുകൊണ്ട്. ആനയിറങ്ങുന്ന സ്ഥലം ഞങ്ങൾക്കെന്തിനാ?" സര്‍ക്കാരിനോടാണ് കനകമ്മയുടെ ഈ ചോദ്യം. വാങ്ങാനാളില്ലാത്ത,ഉപകാരമില്ലാത്ത മണ്ണ് കൈയിലുണ്ടായിട്ടും വാടക വീട്ടില്‍ ജീവിതം തള്ളിനീക്കേണ്ട ദുരവസ്ഥയിലാണ് കനകമ്മ. ലൈഫ് പദ്ധതിയില്‍ വീടു നല്‍കണമെന്നാവശ്യപ്പെട്ട് നവകേരള സദസിലേക്ക് അപേക്ഷ നല്‍കാന്‍ സുബ്രഹ്മണ്യന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, എല്ലാം പെട്ടന്നവസാനിപ്പിച്ച് സുബ്രഹ്ണ്യന്‍ മടങ്ങി. സുബ്രഹ്മണ്യന്‍ ഒപ്പിടാതെ പോയ ആ സങ്കടഹർജിയിൽ മലയോരത്തെ നൂറുനൂറ് ജീവിതങ്ങളുമുണ്ട്.
ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു