Asianet News MalayalamAsianet News Malayalam

'ക്ഷേത്രത്തിനടുത്ത് മൂത്രമൊഴിച്ചത് വിലക്കി, കാറിടിപ്പിച്ചു'; 15 കാരനെ കൊന്ന കേസിൽ ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു.

human rights commission directed to investigate kattakada 15 year old student murder case
Author
First Published Oct 8, 2024, 6:25 PM IST | Last Updated Oct 8, 2024, 6:25 PM IST

തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീൽൻ. അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൂവച്ചൽ സ്വദേശിയായ 15 വയസ്സുകാരൻ ആദി ശേഖറിന്‍റെ കൊലപാതകത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബർ 11 ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാമെന്ന് ഡി.വൈ.എസ്. പി കമ്മീഷനെ അറിയിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

ആദി ശേഖറിന്‍റെ മരണം വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ  സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകമൂലം ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദി ശേഖര്‍. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരണപ്പെട്ടു.

Read More :  ഓറഞ്ച് അലർട്ടിൽ മാറ്റം, ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios