ക്ലാസ് കഴിഞ്ഞാല്‍ രോഗിയായ വാപ്പയ്ക്കൊപ്പം ചായക്കടയില്‍; ബാദുഷയുടെ 'എ പ്ലസ്' നേട്ടത്തിന് ഇരട്ടി മധുരം
കടയിൽ തിരക്കില്ലാത്ത സമയത്തും രാത്രിയിൽ വീട്ടലെത്തി കഴിഞ്ഞും കിട്ടുന്ന സമയത്തെല്ലാം കഷ്ടപ്പെട്ട് പഠിച്ചാണ് ബാദുഷ വലിയ നേട്ടം കൈവരിച്ചത്.
മാന്നാർ: ചായക്കടയിൽ വാപ്പയെ സഹായിക്കുന്നതിനൊപ്പം പഠനത്തിൽ മികവ് കാട്ടിയ ബാദുഷയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കുംഏ പ്ലസ്. മാന്നാർ നായർ സമാജം ബോയ്സ് സ്കൂൾ വിദ്യാർഥിയായ കുരട്ടിശ്ശേരി നാഥൻപറമ്പിൽ ബാദുഷ(16) യാണ് രോഗിയായ പിതാവിനെ സഹായിക്കുന്നതിനൊപ്പം പഠിച്ച് ഉന്നത വിജയം നേടിയത്. മാന്നാർ കുറ്റിയിൽ ജംഗ്ഷന് സമീപമുളള അൽനൂർ സ്നാക്സ് ആൻഡ് ടീ ഷോപ്പ് എന്ന ചായക്കടയിൽ ആണ് പിതാവ് സിയാദിനെ സഹായിക്കാനെത്തുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ബാദുഷ വാപ്പയോടൊപ്പം ചായക്കടയിൽ എത്തുന്നുണ്ട്. കട തുറക്കുന്ന വെളുപ്പിന് മൂന്ന് മുതൽ രാത്രി 7.30 വരെ ബാദുഷ പിതാവിനോപ്പം ഉണ്ടാകും. ചായക്കടയിലേക്കുള്ള ബജി, ഉഴുന്നുവട. ഏത്തയ്ക്കാഅപ്പം തുടങ്ങിയ പലഹാരങ്ങളും ചായയും ഉണ്ടാക്കുന്നതിന് സഹായിക്കും. സ്കൂൾ സമയം കഴിഞ്ഞാൽ കടയാണ് ഈ വിദ്യാർഥിയുടെ ലോകം.
Read More : വാക്കുപാലിച്ച് എ പ്ലസ് നേടി, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല
കടയിൽ തിരക്കില്ലാത്ത സമയത്തും രാത്രിയിൽ വീട്ടലെത്തി കഴിഞ്ഞും കിട്ടുന്ന സമയത്തെല്ലാം ബാദുഷ കഷ്ടപ്പെട്ട് പഠിച്ചു. ദാരിദ്രവും ദുരിതവും കരകേറാനായി പഠിച്ച് ജോലി നേടണമെന്ന സ്വപ്നം എപ്പോഴും ബാദുഷയ്ക്ക് പ്രചോദനമായിരുന്നു. വീടിനായി കഷ്ടപ്പെടുന്നതിനിടയിലും മകൻ ഉയർന്ന മാർക്ക് വാങ്ങിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഉമ്മ; ഹഫീന. സഹോദരങ്ങൾ: ഫാത്തിമ, താഹിർ.
Read More : ‘മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി’: മാര്‍ക്ക് ലിസ്റ്റുമായി ഡോ. ജോ ജോസഫ്