പത്തുമണിക്ക് ഹോസ്റ്റലില്‍ കയറണമെന്ന് ഉത്തരവ്; കുസാറ്റില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രതിഷേധം
മുന്നറിയിപ്പില്ലാതെയാണ് സമയം കുറച്ചതെന്ന് വിദ്യാര്‍ഥി സംഘടനാപ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ പ്രതിഷേധവുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍. സമയം രാത്രി പതിനൊന്നു മണിയില്‍ നിന്ന് പത്ത് മണിയാക്കി കുറച്ചതിലാണ് പ്രതിഷേധം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോസ്റ്റലുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധം നടത്തുന്നത്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.
രാത്രി ഒന്‍പതരോടെയാണ് പ്രതിഷേധം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെയാണ് സമയം കുറച്ചതെന്ന് വിദ്യാര്‍ഥി സംഘടനാപ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം അംഗീകരിക്കാനാവില്ല. തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പറഞ്ഞത്. ഇന്ന് രാത്രി ഒന്‍പതരയോടെ, പത്തുമണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറണമെന്ന് വാര്‍ഡന്‍ പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ലൈബ്രറിയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ 11 മണിക്ക് കയറിയാല്‍ മതി. ഇതിന്റെ രേഖ കാണിക്കണം. അല്ലാത്ത വിദ്യാര്‍ഥികള്‍ പത്തു മണിക്ക് തന്നെ ഹോസ്റ്റലില്‍ കയറണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സമരം ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുമണിയായിരുന്നു കുസാറ്റ് ഹോസ്റ്റലുകളിലെ പ്രവേശനസമയം. പിന്നീടിത് പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 11 മണിയാക്കി ഉയര്‍ത്തിയിരുന്നു. ഇതാണ് വീണ്ടും പത്തുമണിയാക്കി കുറച്ചത്.