വയനാട്ടില്‍ തേന്‍ശേഖരണക്കാലം; ലഭ്യത കുറഞ്ഞെന്ന് ആദിവാസികള്‍

മുന്‍കാലങ്ങളിലേത് പോലെ വയനാട്ടില്‍ തേന്‍ സുലഭമല്ല. കൊവിഡ് പ്രതിസന്ധിക്കാലത്ത് 60 ശതമാനത്തിലുമധികം കുറവ് തേന്‍ശേഖരണത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ തേന്‍ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ ഇത്തവണ കാര്യമായ ശേഖരണം നടന്നിട്ടില്ല.
 

Honey collection season starts in Wayanad; Tribals say availability is low

കല്‍പ്പറ്റ: കേരളത്തിലെമ്പാടും വയനാടന്‍ തേനിന് പ്രിയമേറെയാണ്. ആദിവാസികള്‍ ശേഖരിക്കുന്ന കാട്ടുതേന്‍ വിപണികളില്‍ വിലയേറെയുള്ള വനവിഭവവുമാണ്. വയനാട്ടില്‍ ഇപ്പോഴാണ് തേന്‍ശേഖരണത്തിന്റെ കാലം. മഴ കുറഞ്ഞതിനാല്‍ കാട്ടില്‍ പോയി കായ്കനികള്‍ ശേഖരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തേന്‍ ലഭ്യത നന്നേ കുറഞ്ഞുവെന്നാണ് ഈ മേഖലയില്‍ ഉപജീവനം തേടുന്ന ആദിവാസി വിഭാഗങ്ങളിലൊന്നായ കാട്ടുനായ്ക്കര്‍ പറയുന്നത്. 

കാടുകളില്‍ നിന്ന് ശേഖരിക്കാന്‍ അനുമതിയുള്ളത് ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമാണെങ്കിലും മറ്റിടങ്ങളില്‍ പൊതുവായി എല്ലാവരും തേന്‍ എടുക്കാറുണ്ട്. തോട്ടങ്ങളിലെ മരങ്ങളിലും പുറ്റുകളിലുമെല്ലാം ഉള്ള തേനിച്ചകളുടെ മധു അറകള്‍ തേടി നിരവധി പേരാണ് എത്തുന്നത്. ഒരു തേനീച്ച പോലും ആക്രമിക്കാതെ തേനെടുക്കാന്‍ പരിജ്ഞാനം സിദ്ധിച്ചവരാണ് വയനാട്ടുകാരില്‍ പലരും. ഈച്ചയുടെ വളര്‍ച്ച നോക്കി പഠിച്ച് സുരക്ഷാകവചം പോലുമില്ലാതെയാണ് തേന്‍ ശേഖരിക്കുക. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കൂടുകളില്‍ നിന്ന് അനായാസം തേന്‍ ശേഖരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. തേനീച്ചകള്‍ പൂര്‍ണവളര്‍ച്ചയെത്തിയാല്‍ അവ ആക്രമിക്കില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ വയനാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

അതേസമയം, മുന്‍കാലങ്ങളിലേത് പോലെ വയനാട്ടില്‍ തേന്‍ സുലഭമല്ല. കൊവിഡ് പ്രതിസന്ധിക്കാലത്ത് 60 ശതമാനത്തിലുമധികം കുറവ് തേന്‍ശേഖരണത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവര്‍ പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ തേന്‍ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ ഇത്തവണ കാര്യമായ ശേഖരണം നടന്നിട്ടില്ല. 2018, 2019 വര്‍ഷങ്ങളെ അപേക്ഷിച്ച ജൂണ്‍ മാസത്തില്‍ ഇതുവരെ മഴ കുറവാണ്. കാട്ടില്‍ നിന്ന് തേനും മറ്റുകനികളും ശേഖരിക്കാന്‍ അനുയോജ്യമായ സമയമാണെന്ന് ആദിവാസികള്‍ പറയുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചുവെന്നാണ് ഇവരുടെ പക്ഷം. വന്‍തേന്‍, ചെറുതേന്‍, കൊമ്പുതേന്‍, പുറ്റുതേന്‍ എന്നിങ്ങനെ നാലിനം തേനാണ് കാട്ടില്‍ നിന്നും നാട്ടില്‍ നിന്നുമായി ശേഖരിക്കുന്നത്. ലഭിക്കുന്ന തേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കും മുത്തങ്ങ ഹണി എക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കും നല്‍കിയാണ് ആദിവാസികള്‍ വരുമാനമുണ്ടാക്കുന്നത്. 

ഏപ്രിലില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്നതാണ് വയനാട്ടിലെ തേന്‍കാലം. മുത്തങ്ങക്ക് പുറമെ പുല്‍പ്പള്ളി, അപ്പപ്പാറ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ സഹകരണ സംഘങ്ങളും ആദിവാസികളില്‍ നിന്നും തേന്‍ വാങ്ങുന്നുണ്ട്. കൊവിഡിന്റെ രണ്ടാംതരംഗം വയനാട്ടിലെ കോളനികളെ കൂടി ബാധിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും രോഗം വന്നതിനാല്‍ ഇതുവരെ ജോലിക്ക് പോകാനുമായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios