രാധഗോപി മേനോൻ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റി അധ്യക്ഷൻ, അത്രമേൽ മനോഹരമായ കേരളം! 74 വർഷത്തെ മുട്ടിൽ ദേശ ചരിത്രം
മുട്ടില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ നിധിപോലെ സൂക്ഷിച്ച 1949 ലെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് കണ്ടാല്‍ പലരും അമ്പരന്ന് പോകുമെന്ന് ഉറപ്പ്
കല്‍പ്പറ്റ: '1949 ജൂണ്‍ 20 -ാം തീയ്യതി ജമായത്ത കമ്മിറ്റി യോഗം ഇന്ന് മദ്രസയില്‍ വെച്ച് കൂടുകയുണ്ടായി. കമ്മിറ്റിയിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഖജാന്‍ജി, സെക്രട്ടറിമാര്‍ എന്നീ ഭാരവാഹികളായി താഴെ പേരെഴുതുന്നവരെ യഥാക്രമം തിരഞ്ഞെടുത്തു. 74 വർഷം മുമ്പത്തെ പള്ളിക്കമ്മിറ്റിയുടെ ഈ അറിയിപ്പിലെ ആദ്യ പേരുകാരനെ കണ്ടാൽ ചിലർക്കെങ്കിലും അത്ഭുതം തോന്നിയേക്കും. രാധാഗോപി മേനോന്‍ എന്ന ഹിന്ദുമതസ്ഥനായിരുന്നു മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
2 ലക്ഷം, രണ്ടായിരവും ആയിരവും! ശ്ശെടാ, ആരെടാ അത്... ഗുരുവായൂർ ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളും നിറയെ!
രാധാഗോപി മേനോന്‍ (പ്രസിഡന്‍റ്)
മുട്ടില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ നിധിപോലെ സൂക്ഷിച്ച 1949 ലെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് കണ്ടാല്‍ പലരും അമ്പരന്ന് പോകുമെന്ന് ഉറപ്പ്. ഒരു ഹിന്ദു മതസ്ഥൻ ദീര്‍ഘകാലം മഹല്ല് കമ്മിറ്റി പ്രസിഡന്‍റാവുകയോ? വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന പലരുമുള്ള ഇന്നത്തെ നാടിന് ഇങ്ങനെയൊരു കഥ കേട്ടാല്‍ വിശ്വാസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ രാധാഗോപി മേനോന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നതും പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടിരുന്നതുമായ കഥ ഇന്നും സ്‌നേഹത്തോടെ ഓര്‍ത്തെടുക്കുകയാണ് മുട്ടില്‍ ദേശക്കാര്‍. സ്വാതന്ത്ര്യ ലബ്ധിയും കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്നും വിശ്വാസികളുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത് ആവേശവും അഭിമാനവും മാത്രം. നല്ല ഈശ്വരവിശ്വാസിയായ മേനോന്‍ മുട്ടില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരിക്കെ തന്നെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സാരഥ്യവും ഏറ്റെടുത്തിരുന്നു.
74 വര്‍ഷം മുമ്പ് അന്ന് അപൂര്‍വ്വമായിരുന്ന മഷിപേനയാല്‍ മിനുട്‌സില്‍ എഴുതിച്ചേര്‍ത്ത മുസ്ലീം നാമധാരികള്‍ക്കിടയില്‍ ആദ്യ പേരുകാരനായ രാധഗോപി മേനോന്റെ മക്കള്‍ക്കും മുട്ടില്‍ ദേശത്തെ, അച്ഛന്‍ പ്രസിഡന്റായിരുന്ന പള്ളിയെയും വിശ്വാസികളെയും കുറിച്ച് നല്ലത് മാത്രമാണ് പറയാനുണ്ടായിരുന്നത്. ഒരു ഹിന്ദുമതസ്ഥൻ മുസ്ലീംപള്ളിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നതായി വ്യക്തമാക്കിയത് അധ്യാപകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന് ഫേസ്ബുകില്‍ പങ്കുവെച്ച കുറിപ്പാണ്.
രാധാഗോപി മേനോന്റെ മകന്‍ കളത്തില്‍ ദിവാകരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചരമ അറിയിപ്പുകളില്‍ മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന രാധഗോപി മേനോന്റെ മകനെന്ന വിശേഷണം പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചത്. ചരിത്രം തേടി പോയ ബാവ കെ പാലുകുന്ന് ഇക്കാര്യം സ്ഥിരീകരിച്ചാണ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്.
ജന്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായ രാധഗോപി മേനോന്‍ ജോലിയുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തുകയും മുട്ടിലില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. മദ്രാസ് അസംബ്ലിയില്‍ നിയമ മന്ത്രിയും കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെ പത്നി എ വി കുട്ടിമാളു അമ്മയുടെ സഹോദരനാണ് അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് കൈക്കുഞ്ഞുമായി ജയിലില്‍ പോയ കുട്ടിമാളു അമ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രാധാ ഗോപി മേനോന്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. മലപ്പുറം ആനക്കരയിലെ വീട്ടില്‍ നിന്ന് 1936 ലാണ് വയനാട്ടിലേക്കെത്തുന്നത്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും മരണം വരെയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ചെമ്പ്രപീക്ക് ഉള്‍പ്പെടുന്ന മലനിരകളില്‍ പിയേഴ്‌സ് ലസ്ലി കമ്പനി സ്ഥാപിച്ച എസ്റ്റേറ്റില്‍ മാനേജരായി വന്ന രാധഗോപി മേനോന്‍ എല്ലാവര്‍ക്കും പ്രിയങ്കരനും സര്‍വ്വസമ്മതനുമായി തീരുകയായിരുന്നു. ഈ ജനകീയതയില്‍ നിന്നാണ് മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. പള്ളിയും വിശ്വാസികളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിലെല്ലാം ഇദ്ദേഹത്തിന്റേത് അവസാന വാക്കുകളായിരുന്നു. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ സുസ്‌മേരവദനനായി മുറ്റത്തുണ്ടാകുന്ന രാധാഗോപി മേനോന്‍, മുട്ടില്‍ ദേശ ചരിത്രത്തിന്റെ ഭാഗമായിരുന്നിട്ടും അക്കാര്യം പുറംലോകമറിയാന്‍ മകന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് ആ കുടുംബത്തിന്റെയും രാധഗോപിമേനോന്റെയും ലാളിത്യം കൂടി വ്യക്തമാക്കി തരുന്നുണ്ട്.
നിസ്വരായ മനുഷ്യരെ സഹായിക്കുന്നതില്‍ തെല്ലും പിശുക്ക് കാണിക്കാത്ത പ്രകൃതക്കാരനായിരുന്നു അച്ഛനെന്ന് മക്കളായ രാംദാസും രജനിയും ജയകുമാറും ഓര്‍ത്തെടുത്തു. രാധാഗോപിമേനോന്‍ സ്ഥാപിച്ച മുട്ടില്‍ ചെറുമൂല എ യു പി സ്‌കൂള്‍ വയനാട് മുസ്ലീം ഓര്‍ഫനേജിന് വിട്ടുനല്‍കുകയാണുണ്ടായത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനും ഗാന്ധിയന്‍ ആശയപ്രചാരണത്തിനുമായി നിലകൊണ്ടിരുന്ന രാധഗോപി മേനോനോടുള്ള സ്‌നേഹവും ബഹുമാനവും ഇന്നും അദ്ദേഹത്തേിന്‍റെ കുടുംബത്തിന് മുട്ടില്‍ നിവാസികള്‍ നല്‍കിപോരുന്നു. 1989 ല്‍ 84-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. മീനാക്ഷി അമ്മയാണ് ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം