ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ ബോക്സിനുള്ളിൽ ജിപിഎസ്; പരിശോധിച്ചപ്പോൾ എംഡിഎംഎ, പ്രതികൾ പിടിയിൽ

ജിപിഎസ് സംവിധാനം ഉപയോഗിച്ച് കഞ്ചാവും എംഡിഎംഎയും കടത്തിയ സംഭവത്തിൽ രണ്ട് പ്രതികള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ മേൽമുറി കാടാമ്പുഴ സാലിഹ് (35), എം അബ്ദുള്‍ ഖാദര്‍ (38) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 

high tech drug smuggling using gps tracker in parcel box excise department arrested the accused with 200 gram mdma and 2 kg ganja

മാനന്തവാടി: ജിപിഎസ് സംവിധാനം ഉപയോഗിച്ച് കഞ്ചാവും എംഡിഎംഎയും കടത്തിയ സംഭവത്തിൽ രണ്ട് പ്രതികള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ മേൽമുറി കാടാമ്പുഴ സാലിഹ് (35), എംം അബ്ദുള്‍ ഖാദര്‍ (38) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.കര്‍ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലായിരുന്നു 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും കടത്തിയത്. ഈ കാര്‍ഡ് ബോര്‍ഡ് പെട്ടി ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് പ്രതികള്‍ നിരീക്ഷിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ ബസിൽ കണ്ടെത്തിയ പാഴ്സല്‍ ബോക്സിനുള്ളിൽ രണ്ട് കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയും പാഴ്‌സലിന്റെ നീക്കമറിയാനായി ഘടിപ്പിച്ചിരുന്ന ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. പാഴ്സലിന്‍റെ ഉടമ ബസിലുണ്ടായിരുന്നില്ല. പാഴ്സൽ പ്രതികള്‍ ബസിൽ കൊടുത്തയക്കുകയായിരുന്നു.

ബസിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎയും കഞ്ചാവും. ജിപിഎസ് സംവിധാനം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ക്കായി അന്വേഷണവും ഊര്‍ജിതമാക്കിയിരുന്നു.

പാഴ്സൽ ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്ക് കൊടുത്തയച്ചതാണെന്ന വിവരവും എക്സൈസിന് ലഭിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടോടെ മാനന്തവാടി എക്സൈസ് സര്‍ക്കിൽ റേഞ്ച് ടീമും മലപ്പുറം തിരൂര്‍ സര്‍ക്കിള്‍ റേഞ്ച് ടീമുകളും ചേര്‍ന്ന് തിരൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.   ആറ് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പെട്ടിയിലുണ്ടായിരുന്നത്.  സാലിഹ് ആണ് അബ്ദുല്‍ ഖാദറിന്‍റെ പേരിൽ ലഹരി വസ്തുക്കള്‍ പാഴ്സലാക്കി ബസിൽ തിരൂരിലേക്ക് അയച്ചതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സാലിഹ് മറ്റൊരു ബസിൽ തിരൂരിലെത്തുകയായിരുന്നു.

തിരൂരിൽ വെച്ച് ആദ്യം കൊടുത്തുവിട്ട പാഴ്സൽ കൈപ്പറ്റാൻ അബ്ദുള്‍ ഖാദറിനോട് സാലിഹ് ആവശ്യപ്പെട്ടിരുന്നു. പാഴ്സൽ വാങ്ങിയശേഷം രാത്രി വീട്ടിലെത്താനും സാലിഹ് പറഞ്ഞിരുന്നു. പ്രതികളുടെ നീക്കങ്ങള്‍ വ്യക്തമായി മനസിലാക്കിയ മാനന്തവാടി എക്സൈസ് ടീം രാത്രിയോടെ തിരൂരിലെത്തി പ്രതികളുടെ വീട് വളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായാണ് പിടികൂടിയത്. പ്രതികളിൽനിന്ന്  ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് ലഹരി വസ്തുക്കൾ. 

മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ കെ ശശി, തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ അജയ്യൻ എന്നിവരുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് ഓഫീസര്‍മാരായ പി കെ ചന്തു, ജോണി കെ,ജിനോഷ് പി ആർ ,ഷിംജിത്ത് .പി, രവീന്ദ്രനാഥ്, വിനീഷ് പി ബി ,ജയകൃഷ്ണൻ .എ, ഇന്ദു ദാസ്. പി. കെ, ചന്ദ്രമോഹൻ കെ കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios