മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ മേഖലയ്ക്ക് ഉണർവേകും: കെയുഡബ്ല്യുജെ

ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ പേരിൽ വ്യക്തി സ്വാതന്ത്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെയും ബാധ്യതയാണ്
High Court verdict upholds democratic values along with media freedom says Kuwj

തിരുവനന്തപുരം: ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. 

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന അഞ്ചംഗ വിശാല ബെഞ്ചിന്‍റെ ഉത്തരവ് ഏറെ സ്വാഗതാർഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്നും അതു നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നുമുള്ള ഉത്തരവ് മറിച്ചുള്ള എല്ലാ ശ്രമങ്ങൾക്കുമുള്ള കൂച്ചുവിലങ്ങാണ്. മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിർദേശങ്ങള്‍ വേണമെന്നും കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഏറെ സുപ്രധാനമായ വിധി. 

ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ പേരിൽ വ്യക്തി സ്വാതന്ത്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെയും ബാധ്യതയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ മാധ്യമങ്ങൾ വിധി കൽപിക്കരുതെന്ന നിർദേശവും ഉൾകൊള്ളുന്നു. വസ്തുതകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം അംഗീകരിക്കുന്നതോടൊപ്പം മാധ്യമ സ്വാതന്ത്യം ആവർത്തിച്ചുറപ്പിച്ച ഹൈക്കോടതി ഉത്തരവ് മാധ്യമ മേഖലയ്ക്ക ഉണർവ് പകരുന്നതാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്ന് കേരള ഹൈക്കോടതി; 'നിയന്ത്രിക്കാനാവില്ല'; ഹർജി തീർപ്പാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios