കനത്ത മഴയും കാറ്റും; റോഡിന് കുറുകെ വൻമരം കടപുഴകി വീണ് മതിൽ തകർന്നു, വൈദ്യുത പോസ്റ്റുകളൊടിഞ്ഞ് നാശനഷ്ടം

അഞ്ചോളം വൈദ്യുതി പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. പ്രദേശത്ത് വൈദ്യുതി നിലച്ചു. വൈകുന്നേരത്തോടെ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. 

heavy rain and strong wind causes uprooting of huge tree fell across the road collapsing a compound wall

മാന്നാർ: കനത്ത കാറ്റിലും മഴയിലും റോഡിനു കുറുകെ വൻമരം കടപുഴകി വീണു മതിൽ തകർന്നു. അഞ്ച് വൈദ്യൂത പോസ്റ്റുകൾ ഒടിഞ്ഞു. ലൈനുകൾ പൊട്ടിവീണു. വൈദ്യുതി വിതരണ സംവിധാനങ്ങൾ  തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. വലിയ ശബ്ദത്തോടെ ഇന്ന് ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും വൻ മരം കടപുഴകി വീണതിനെ തുടർന്ന് വീടിന്റെ മതിൽ തകരുകയും അഞ്ചോളം വൈദ്യുത തൂണുകൾ ഒടിയുകയും ചെയ്തു. 

മാന്നാർ യൂണിയൻ ബാങ്ക്- കുരട്ടിക്കാട് തട്ടാരുകാവ് റോഡിനു കുറുകെ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സ്വകാര്യ വ്യക്തിയുടെ വീടിനു മുമ്പിൽ നിന്ന വലിയ മരം കടപുഴകി വീണത്. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും നിരന്തരം കടന്നു പോകുന്ന റോഡ് ആ സമയം വിജനമായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

കെ.എസ്.ഇ.ബി ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചുവട് ദ്രവിച്ച് നിന്ന മരം വീടിന്റെ മതിൽ തകർത്ത് എതിർ വശത്തുള്ള വീടിന്റെ മതിലിൽ തട്ടി റോഡിനു കുറുകെ വീണ് കിടന്നതിനാൽ ഗതാഗത തടസവുമുണ്ടായി. വൈകിട്ടോടെ മരം മുറിച്ചു നോക്കിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഭാഗികമായിട്ടാണ് ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഒടിഞ്ഞ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ച്  ഇന്ന് ഉച്ചയോടെ വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios