'മയക്കുവെടിയേറ്റത് 3 തവണ, ഒരു കൊമ്പ് ഒടിഞ്ഞു, 25 വർഷം ചങ്ങലയിൽ'; പാപ്പാനെ കൊന്ന 'ചന്ദ്രശേഖരന്‍' പണ്ടേ വില്ലൻ
ഒന്ന് മയപ്പെട്ടതോടെ ഉത്സവപ്പറമ്പുകളില്‍ ഗുരുവായൂരിന്റെ തലയെടുപ്പോടെ ചന്ദ്രശേഖരനെ എഴുന്നള്ളിപ്പിന് കൊണ്ടുവരാൻ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആന വീണ്ടും അക്രമാസക്തനായത്.
തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയ ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍ സ്ഥിരം പ്രശ്നക്കാരൻ. കാല്‍ നൂറ്റാണ്ടിലധികം നീണ്ട തടവറ വാസം കഴിഞ്ഞ് ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍ ഗുരുവായൂര്‍ ആനത്താവളത്തിന് പുറത്തിറങ്ങിയത് അടുത്തിടെയാണ്. നിരന്തരമായുള്ള ആക്രമണവും അനുസരണക്കേടുമാണ് കഴിഞ്ഞ 25 വര്‍ഷമായി ചന്ദ്രശേഖരനെ ആനത്താവളത്തിലെ ചങ്ങലക്കുരുക്കില്‍ തളച്ചിട്ടത്.
ഏറെ നാളായി ആനത്താവളത്തിനകത്ത് പ്രദക്ഷിണം പതിവുണ്ടെങ്കിലും അതിനപ്പുറമുള്ള ലോകം ചന്ദ്രശേഖരൻ കാണാറുണ്ടായിരുന്നില്ല. പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം. ഒന്ന് മയപ്പെട്ടതോടെ ഉത്സവപ്പറമ്പുകളില്‍ ഗുരുവായൂരിന്റെ തലയെടുപ്പോടെ ചന്ദ്രശേഖരനെ എഴുന്നള്ളിപ്പിന് കൊണ്ടുവരാൻ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആന വീണ്ടും അക്രമാസക്തനായത്.
രണ്ടാം പാപ്പാൻ എ.ആർ.രതീഷിനെയാണ് ആന തന്‍റെ ഒറ്റക്കൊമ്പ് കൊണ്ട് കുത്തിയത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാനാണ് വെള്ളം കൊടുക്കാനെത്തിയത്. വെള്ളം കൊടുക്കുന്നതിനിടെ ആന പ്രകോപിതനാവുകയായിരുന്നു. മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പൻ പതിവായിരുന്നു. നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.
കെ.എന്‍. ബൈജു എന്ന പാപ്പാനാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ചന്ദ്രശേഖരനെ പരിപാലിക്കുന്നത്. 22 വര്‍ഷമായി സിദ്ധാര്‍ഥന്‍ എന്ന ആനയുടെ പാപ്പാനായിരുന്നു ബൈജു. ബൈജുവിന്റെ മേല്‍നോട്ടത്തില്‍ മൂന്നു പാപ്പാന്മാര്‍ ചേര്‍ന്ന് ചന്ദ്രശേഖരനെ അനുസരണക്കാരനാക്കി മാറ്റിയിരുന്നു. ചെറുപ്പത്തിൽ ആണ് ചന്ദ്രശേഖരന്‍റെ ഒരു കൊമ്പ് നഷ്ടപ്പെട്ടത്. വിരിഞ്ഞ മസ്തകവും ആകാരവും ഉയരവുമുള്ള ചന്ദ്രശേഖരൻ തിരികെ എഴുന്നള്ളത്തിനെത്തുമെന്ന് ആനപ്രേമികൾക്കെല്ലാം സന്തോഷ വാർത്തയായിരുന്നു. ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിരുന്നതുമാണ്. ശീവേലി എഴുന്നള്ളിപ്പുകളില്‍ സജീവമായിരുന്ന ആന പാപ്പാനെ കുത്തിക്കൊന്നത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Read More : 25 വർഷത്തിന് ശേഷം പുറത്തിറക്കി;ഒറ്റക്കൊമ്പൻ്റെ ആക്രമണത്തിൽ ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു