'സാറേ മാല പൊട്ടിച്ചോടിയ കള്ളനെ ഞാൻ കണ്ടു'; വൻ ട്വിസ്റ്റ്, മൊഴി നൽകിയ അയൽവാസി മാല കവർന്ന കേസിൽ പിടിയിൽ
മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന പരീച്ചുമ്മയുടെ പിന്നിലൂടെ വന്ന് മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് മോഷ്ടാവ് മാല അപഹരിച്ചത്.
മലപ്പുറം: വെളിയങ്കോട് മുളമുക്കിൽ വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. മാല പൊട്ടിച്ചുപോകുന്ന കള്ളനെ കണ്ടു എന്ന് മൊഴി നൽകിയ അയൽവാസി തോണിക്കടയിൽ ഫാത്തിമയെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിനാണ് വെളിയങ്കോട് പഴഞ്ഞി റേഷൻകടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാല മോഷ്ടിക്കപ്പെട്ടത്.
മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന പരീച്ചുമ്മയുടെ പിന്നിലൂടെ വന്ന് മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് മോഷ്ടാവ് മാല അപഹരിച്ചത്. കറുത്ത ഷർട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നത് കണ്ടതായി ഇപ്പോൾ അറസ്റ്റിലായ സ്ത്രീ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞിരുന്നു. പിന്നീട് പെരുമ്പടപ്പ് പൊലീസിന്റെ അന്വേഷണം ഈ അയൽവാസിയായ ദൃക്‌സാക്ഷിയിലേക്ക് എത്തുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം