'സമയം നട്ടുച്ച, ചെക്ക് ഷര്‍ട്ടും കറുത്ത പാന്റും വേഷം', മാനന്തവാടിയിൽ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു
മാനന്തവാടിയിൽ പട്ടാപകൽ സ്വർണ്ണമാല മോഷണം. ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രകാരിയുടെ മാല കവർന്ന് രക്ഷപ്പെട്ടു. മാനന്താവാടി പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി.
വയനാട്: മാനന്തവാടിയിൽ പട്ടാപ്പകൽ സ്വർണ്ണമാല മോഷണം. ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയുടെ മാല കവർന്ന് രക്ഷപ്പെട്ടു. മാനന്താവാടി പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. മാനന്തവാടി മൈസൂർ റോഡിൽ വെച്ചാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
സ്വർണ വ്യാപാര സ്ഥാപനത്തിന്‍റെ മുൻപിൽ വെച്ചാണ് കവർച്ച. മാനന്തവാടി ഡിഎഫ്ഒ ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിന്‍റെ സ്വർണ മാലയാണ് കവർന്നത്. മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. യുവതി മാനന്തവാടി ടൗണിലേക്ക് പോവുകയായിരുന്നു. ഈ സമയം നിർത്തിയിട്ടിരുന്ന ബൈക്ക് മുന്നോട്ടേക്ക് എടുത്ത് യുവതിയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ചെക്ക് ഷർട്ടും, കറുത്ത പാന്‍റും ധരിച്ച യുവാവാണ് ബൈക്കിലെത്തിയത്.
യുവതി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് അതിവേഗം അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് യുവതി മാനന്തവാടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയിൽ നിന്ന് പ്രതിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം, കായംകുളത്ത് സെസെന്റ് മേരിസ് സ്കൂളിന് സമീപം ജിംനേഷ്യത്തിന് മുൻവശത്ത് മുറ്റം തൂത്തുവാരി നിന്ന നേപ്പാൾ സ്വദേശിയായ 54 -കാരി ഹരികലയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കൊണ്ട് പോയി. പത്ത് ഗ്രാം തൂക്കം വരുന്ന സർണ്ണ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചു കൊണ്ടു കടന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ ജിംനേഷ്യത്തിനു മുന്നിൽ ബൈക്കിൽ നിൽക്കുന്നത് സ്ത്രീ കാണുന്നുണ്ടായിരുന്നു. എന്നാൽ ജോലിയിൽ ശ്രദ്ധ മാറിയപ്പോൾ ബൈക്കിനു പിന്നിൽ ഇരുന്നയാൾ മാല പൊട്ടിച്ചെടുത്തു. പിന്നീട് ഇവര്‍ ബൈക്ക് ഓടിച്ചു കടന്നുകളയുകയായിരുന്നു. സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കായംകുളം പോലീസ് അന്വേഷണം നടത്തി വരികയാണ്.