ഒന്നേമുക്കാൽ പവന്റെ മാല നഷ്ടമായത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ; ജനലിലൂടെ കൈയിട്ട് മാല പൊട്ടിച്ച് രക്ഷപ്പെട്ടു
ബഹളം വെച്ചത് കേട്ട് നാട്ടുകാർ ഉണർന്ന് പരിശോധന നടത്തിയെങ്കിലും പരിസരത്തൊന്നും ആരെയും കണ്ടെത്താൻ സാധിച്ചില്ല.
![gold chain lost while sleeping inside the house and no one found around gold chain lost while sleeping inside the house and no one found around](https://static-gi.asianetnews.com/images/01jc08yhccdv5f7dj1qtfq50nr/chain-snatched-from-house_363x203xt.jpg)
തൃശ്ശൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല അജ്ഞാതർ കവർന്നു. കൊടുങ്ങല്ലൂർ എറിയാടാണ് സംഭവം. എം.ഐ.ടി സ്കൂൾ പരിസരത്ത് താമസിക്കുന്ന കാരയിൽ ലാലുവിന്റെ ഭാര്യ സുജിതയുടെ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
വാതിൽ ഇല്ലാത്ത ജനൽ, ടാർപ്പോളിൻ ഷീറ്റ് കൊണ്ടാണ് അടച്ചിരുന്നത്. ജനലിലൂടെ കൈയ്യിട്ട് മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സുജിത ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ഉണർന്ന് തെരച്ചിൽ നടത്തിയെങ്കിലും പരിസരത്ത് എവിടെ നിന്നും മോഷ്ടാവിനെ കണ്ടെത്താനായില്ല. പിന്നീട് കൊടുങ്ങല്ലൂർ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇവിടെ ആറോളം സ്ഥലങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം