ഉപേക്ഷിച്ച ബാഗിൽ ഒന്നര പവന്‍റെ സ്വർണ മാലയും കാൽ പവന്‍റെ മോതിരവും; തിരികെ നൽകി സുജാതയും ശ്രീജയും
സുജാതയ്ക്കും ശ്രീജയ്ക്കും അവിടെ വച്ചു തന്നെ ബാഗ് പരിശോധിക്കാൻ തോന്നിയതിൽ ആശ്വാസം. വീട്ടുകാർക്ക് സ്വർണം കിട്ടിയതിൽ സന്തോഷം.
കോഴിക്കോട്: നമ്മുടെ നാടിന്‍റെ ശുചിത്വം ഉറപ്പാക്കുന്നവരാണ് ഹരിത കർമ്മ സേന. അവരുടെ മനസ്സിന്‍റെ തെളിച്ചം കാണിക്കുന്നൊരു സംഭവമുണ്ടായി കോഴിക്കോട്.
നട്ടുച്ച. ഉച്ചയ്ക്ക് ഒന്നര മണി. ഹരിത കർമ്മ സേനാംഗങ്ങളായ സുജാതയും ശ്രീജയും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കുളക്കടവിലെ എൻപി ഹോമിലെത്തി. പ്ലാസ്റ്റികും ചെരിപ്പുകളും ബാഗുകളുമാണ് ഈ മാസമെടുക്കുന്നത്. പതിവുപോലെ സുജാതയ്ക്കും ശ്രീജയ്ക്കും ചായയെടുക്കാൻ ഉസ്മാനും ബീവിയും അടുക്കളയിലേക്ക് പോയി. ഹരിത കർമ സേനാംഗങ്ങളാകട്ടെ കൊണ്ടുപോവാൻ തന്ന അഞ്ച് ബാഗുകൾ പരിശോധിക്കാൻ തുടങ്ങി. അതിലൊന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും പരിശോധിച്ച ശേഷമേ എടുക്കൂ എന്ന് ഇരുവരും മറുപടി നൽകി.
പരിശോധിച്ചത് വെറുതെയായില്ല. കിട്ടിയത് ഒന്നര പവന്‍റെ സ്വർണമാലയും കാൽപ്പവന്‍റെ മോതിരവുമാണ്. ആരാണീ പഴയ ബാഗിൽ സ്വർണം വച്ചതെന്ന് ചോദ്യം. മരുമകളുടെ ബാഗിൽ സ്വർണമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മായിയമ്മ പറഞ്ഞു. സ്വർണ മാലയും മോതിരവും ഉടനെ തിരികെ നൽകി. ഉസ്മാനും ബീവിക്കും ആ ഷോക്ക് മാറിയിട്ടില്ല. സുജാതയ്ക്കും ശ്രീജയ്ക്കും അവിടെ വച്ചു തന്നെ ബാഗ് പരിശോധിക്കാൻ തോന്നിയതിൽ ആശ്വാസം. വീട്ടുകാർക്ക് സ്വർണം കിട്ടിയതിൽ സന്തോഷം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം