'അവളെന്നെ കേട്ട് തുടങ്ങിയപ്പോൾ ആശ്വാസമായി' യുവതിയെ അനുനയിപ്പിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം
കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്
അടിമാലി: കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ദൃശ്യങ്ങൾ വൈറലായതോടെ വലിയ സ്നേഹമാണ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ഇങ്ങനെയൊരു അനുഭവം തനിക്ക് ആദ്യമാണെന്നാണ് സന്തോഷ് പറയുന്നത്.
രാവിലെ 7 നാണ് സ്റ്റേഷനിൽ ആദിവാസി കുടിയിലെ പാറയിടുക്കിൽ ഒരു യുവതി ആത്മഹത്യ ചെയ്യാൻ കയറിയതായി സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തുന്നത്. ഒപ്പം ഒരു എഎസ്ഐഐയും കൂട്ടി അവിടെ എത്തിയപ്പോൾ ബന്ധുക്കൾ അടുത്തേക്ക് പോയാൽ അവൾ മരിക്കുമെന്നാണ് പറയുന്നതെന്ന് അറിയിച്ചു. പക്ഷേ പിൻമാറാൻ തോന്നിയില്ല.
മുന്നോട്ട് പെൺകുട്ടി കയറി നിൽക്കുന്ന ഭാഗത്ത് എത്തിയപ്പോൾ മരിക്കുമെന്ന് അവൾ പറഞ്ഞു. എൻ്റെ വാക്കുകൾ കുട്ടി കേൾക്കാൻ തയ്യാറായതോടെ, എനിക്ക് മനസിലായി അവൾ ആത്മഹത്യ ചെയ്യില്ലെന്ന്. തുടർന്ന് എനിക്കും ധൈര്യം കിട്ടി. വാക്കുകൾ എല്ലാം സ്നേഹത്തിൽ അലിയിച്ച് ഞാൻ അവളെ വിളിച്ചു. അവൾ വന്നു. ഉദ്യോഗസ്ഥൻ പറയുന്നു. കുട്ടികളെ സ്നേഹത്തോടെ പരിചരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കിയിൽ ആരും ആത്മഹത്യയിലേക്ക് തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ
ബന്ധുക്കളെ പോലും അടുചെല്ലാൻ അനുവദിക്കാതെ ചാകാൻ തുനിഞ്ഞ പെൺകുട്ടിയെ എസ്ഐ സ്വന്തം മകളെ വിളിക്കുന്നതുപോലെ സ്നേഹത്തോടെയാണ് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ സഹപ്രവർത്തകൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥ നെ തേടി അഭിനന്ദനങ്ങൾ എത്തി തുടങ്ങിയത്.
സഹപ്രവർത്തകരിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നടക്കം നിരവധിപേർ അഭിനന്ദനങ്ങൾ ഇതിനോടകം അറിയിച്ച് കഴിഞ്ഞു. കെഎം സന്തോഷ് ഉദ്യോഗസ്ഥൻ പോലീസ് സേനയിൽ എത്തിയിട്ട് 9 വർഷമായി. നാളിതുവരെ ഇത്രയും പ്രശ്നങ്ങൾ നിറഞ്ഞ കേസ് കണ്ടിട്ടില്ല. രാത്രി 2 മണിയാേടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയാേടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്.