ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല, കാർ തടഞ്ഞ് യുവാവിന് മർദ്ദനം, സ്വർണ്ണം കവർന്ന് മുങ്ങി; 4 പേരെ പൊക്കി പൊലീസ്

കല്ലുവയലില്‍ ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയ പരാതിക്കാരന്റെ കാര്‍ കാരണം തൊട്ടുമുമ്പില്‍ കടന്നു പോയ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്.

four youths arrested for attacking car driver in wayanad vkv

സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ തടസ്സമായെന്ന കാരണം ആരോപിച്ച് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹനം തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും സ്വര്‍ണം കവരുകയും ചെയ്‌തെന്ന കേസില്‍ നാല് യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍(24), തിരുനെല്ലി ആലക്കല്‍ വീട്ടില്‍ എ.യു. അശ്വിന്‍ (23), ബത്തേരി പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍(23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര വീട്ടില്‍ മുഹമ്മദ് നസീം(26) എന്നിവരെയാണ് ബത്തേരി എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം മൈസുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ സാഹസികമായി പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി 30ന് രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കല്ലുവയലില്‍ ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയ പരാതിക്കാരന്റെ കാര്‍ കാരണം തൊട്ടുമുമ്പില്‍ കടന്നു പോയ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. കാര്‍ ബത്തേരി-ചുള്ളിയോട് പ്രധാന റോഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത് കാരണം  പ്രതികളുടെ കാറിന് തൊട്ടുമുമ്പില്‍ പോയ ബസിനെ മറികടക്കാനായില്ല. 

ഇതിലുണ്ടായ ദേഷ്യത്തില്‍ പ്രതികള്‍ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കടന്നുപോയി. തുടര്‍ന്ന് കല്ലുവയല്‍ വാട്ടര്‍ അതോറിട്ടിക്ക് മുന്‍വശമുള്ള പബ്ലിക് റോഡില്‍ വെച്ച് പരാതിക്കാരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കൈ കൊണ്ട് ഇടിക്കുകയും, ഇടതുകൈ പിടിച്ച് പിന്നിലേക്ക് തിരിക്കുകയും ചെയ്തതില്‍ മോതിര വിരലിന് പൊട്ടലേറ്റതായി പരാതിയിലുണ്ട്. കഴുത്തിന് കുത്തിപിടിച്ച് സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണവും, മോതിരവും പ്രതികള്‍ കൊണ്ടുപോയെന്നുമാണ് പരാതി. പിടിയിലായ നാല് പേരും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ സി.എം. സാബു, കെ.വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എ.വി. നൗഫല്‍, ലബ്നാസ്, സി.പി.ഒമാരായ പി.ബി. അജിത്ത്, ഡോണിത്ത് സജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More : പൂപ്പാറയിൽ 17കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; 50 വർഷം അഴിക്കുള്ളിൽ കിടക്കണം, 1.5 ലക്ഷം പിഴയും ഒടുക്കണം

Latest Videos
Follow Us:
Download App:
  • android
  • ios