താനൂരിൽ തെരുവുനായ ആക്രമണം നേരിട്ട കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍
താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെ തെരുവ് നായകളുടെ ആക്രമണം.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ ആണ് കടിയേറ്റത്
മലപ്പുറം: താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെ ഉണ്ടായ തെരുവ് നായകളുടെ ആക്രമണത്തിൽ കുട്ടിക്ക് നാൽപതോളം മുറിവുകളുണ്ടെന്ന് ഡോക്ടർമാർ.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു..
കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പത്തോളം മുറിവുകളുണ്ടെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവും സഹോദരനും എത്തി. പണിപെട്ട് നായകളില്‍ നിന്ന് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകള്‍ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്
അതേസമയം, പത്തനംതിട്ട വടശ്ശേരിക്കരയിൽ വിദ്യാർത്ഥിയുൾപ്പെടെ നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു. അരീക്ക കാവിലാണ് സ്കൂളിലേക്ക് പോകാൻ അമ്മയ്ക്കൊപ്പം ബസ് കാത്തുനിന്ന ആറാം ക്ലാസുകാരൻ ഇഷാൻ ഉൾപ്പെടെയുള്ളവർക്ക് നായയുടെ കടിയേറ്റത് . ഇഷാനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇഷാന്റെ കൈപ്പത്തിക്കും കൈ മുട്ടിന് താഴെയുമാണ് കടിയേറ്റത്. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
പൗഡിക്കോണത്തും ഒരു കുട്ടിയടക്കം നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. കടിച്ച നായയെ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം പോത്തൻകോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാലക്കാട് സ്വദേശി അനിൽകുമാറിനാണ് നായയുടെ കടിയേറ്റത്.