പിണങ്ങിയും കൊഞ്ചിയും കൂട്ടുകൂടാൻ 'കുഞ്ഞാവ' ഇനിയില്ല, അപ്രതീക്ഷിത അപകടത്തിൽ തകര്‍ന്ന് കുടുംബവും നാട്ടുകാരും
പിണങ്ങിയും കൊഞ്ചിയും അവര്‍ക്ക് കൂട്ടാവാൻ 'കുഞ്ഞാവ' ഇനിയില്ല, അപ്രതീക്ഷിത അപകടത്തിൽ തകര്‍ന്ന് കുടുംബവും നാട്ടുകാരും
കല്‍പ്പറ്റ: കൊഞ്ചി, പിണങ്ങി പിന്നെ കൂട്ടുകൂടി സുബൈറയുടെയും ഷമീറിന്റെയും ജീവിതം അവന്‍ വര്‍ണാഭമാക്കിയിരുന്നു. എന്നാല്‍ അവരുടെ കുഞ്ഞാവ ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉമ്മ സുബൈറക്കും ഉപ്പ ഷമീറിനും ഉള്‍ക്കൊള്ളാനാകുന്നതല്ല. വെള്ളിയാഴ്ച രാത്രി മേപ്പാടി നെടുങ്കരണയിലുണ്ടായ അപകടത്തില്‍ മരിച്ച നാലരവയസ്സുകാരന്‍ മുഹമ്മദ് യാമിന്റെ സംസ്‌കാര ചടങ്ങ് ഹൃദയഭേദകമായിരുന്നു.
അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ പ്രദേശവാസികള്‍ എല്ലാ വലിയ സങ്കടത്തിലായിരുന്നു. അവസാനമായി ചേര്‍ത്തുപിടിച്ച് സുബൈറ വിങ്ങിപ്പൊട്ടുമ്പോള്‍ കണ്ണീരണിഞ്ഞ മുഖങ്ങളായിരുന്നു ചുറ്റും. കുഞ്ഞാവയെന്നായിരുന്നു അവന്റെ വിളിപ്പേര്. ഉപ്പയുടെ പൊന്നോമനയായിരുന്ന കുഞ്ഞാവയുടെ മുഖത്തേക്ക് വീണ്ടും ഒരിക്കല്‍ക്കൂടി നോക്കാനായില്ല ഷമീറിന്. ഇരുകൈകളും ചേര്‍ത്ത് മുഖം പൊത്തിയുള്ള ഉപ്പയുടെ തേങ്ങല്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചയായി.
മുഹമ്മദ് യാമിന്റെ മൂത്തസഹോദരങ്ങളായ മിര്‍ഷാദും മുഹമ്മദ് അമീനും കരഞ്ഞുതളര്‍ന്ന അവസ്ഥയിലായിരുന്നു. കുഞ്ഞനിയന്‍ ഇനി മുതല്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനെ കഴിയുന്നുണ്ടായിരുന്നില്ല. വെള്ളിയാഴ്ച അടുത്തബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഓടത്തോടുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി എട്ടരയോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു.
നെടുങ്കരണയില്‍ വെച്ച് കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ടാണ് അപകമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് യാമിനിന്റെ മുകളിലാണ് ഓട്ടോ വീണത്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ. മുഹമ്മദ് യാമിനെ ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടത്തോടുള്ള പാടിയിലാണ് ഷമീറും കുടുംബവും താമസിക്കുന്നത്.
Read more: ബന്ധുവീട്ടിൽ പോയി മടങ്ങവെ കുറുകെ കാട്ടുപന്നി ചാടി, ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
പാടിയോടുചേര്‍ന്നുള്ള ഷമീറിന്റെ സഹോദരന്റെ വീട്ടിലേക്കാണ് യാമിനെ അവസാനമായി കൊണ്ടുവന്നത്. മുഹമ്മദ് യാമിന്‍ പഠിച്ചിരുന്ന ചുണ്ടേല്‍ ആര്‍.സി. എല്‍.പി. സ്‌കൂളിലെ അധ്യാപകരെല്ലാം വീട്ടിലേക്കെത്തിയിരുന്നു. ''അവന്‍ നല്ല കുട്ടിയായിരുന്നു, ക്ലാസിലൊന്നും ബഹളമുണ്ടാക്കില്ല'' -എല്‍.കെ.ജി. ക്ലാസ് ടീച്ചര്‍ ഷെറിന്‍ നിറകണ്ണുകളോടെ പറഞ്ഞു. കളിക്കൂട്ടുകാരായ നന്ദുവിനും അച്ചുവിനും ആമിക്കും എന്തിനാണ് കുഞ്ഞാവയുടെ വീട്ടിലെത്തിയതെന്നുപോലും മനസ്സിലായില്ല. കുഞ്ഞാവ വീട്ടിലേക്ക് ഇനി വരില്ലേയെന്ന് അച്ചു അമ്മയോട് ചോദിച്ചത് കേട്ടുനിന്നവരെ കൂടുതല്‍ സങ്കടത്തിലാഴ്ത്തി. വൈകീട്ട് അഞ്ചുമണിയോടെ ഓടത്തോട് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.