ബന്ധുവീട്ടിൽ പോയി മടങ്ങവെ കുറുകെ കാട്ടുപന്നി ചാടി, ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം.
കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്.
മേപ്പാടി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
അതേസമയം, വടക്കഞ്ചേരി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്കേറ്റ വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം. കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പന്നി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാട്ടുപന്നി ചത്തു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതർ എത്തി സംസ്ക്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.