പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു
പറക്കോട് ഉള്ള ബാറിന് മുന്നിലാണ് 44 കാരനായ ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു.
പത്തനംതിട്ട: പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് വനം വകുപ്പിന്‍റെ നടപടി. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചുവെന്നും വീരപരിവേഷം കിട്ടാൻ പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ് കേസ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് 44 കാരനായ ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിനു മുന്നിൽ അഭ്യാസം നടത്തിയത്. ഇതോടെ നാട്ടുകാരം കാഴ്ചക്കാരായി, ഒടുവിൽ ഇവരിൽ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ് ഇയാൾ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മദ്യലഹരിയിലാണ് ദീപു പെരുമ്പാമ്പുമായി റോഡിലിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
Read More : നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി