Asianet News MalayalamAsianet News Malayalam

108 സ്ഥാപനങ്ങൾക്ക് പണികിട്ടി, ഭക്ഷണ സാധനങ്ങൾക്ക് ഗുണമേന്മയില്ല, ഗുരുതര വീഴ്ച; പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു. 

Food safety department inspects 3881 establishments in Kerala, shuts down 108 shops says minister veena george
Author
First Published Sep 19, 2024, 7:08 PM IST | Last Updated Sep 19, 2024, 7:08 PM IST

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 231 സ്‌ക്വാഡുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 476 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 385 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 752 സര്‍വൈലന്‍സ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനകള്‍ നടത്തി. പായ്ക്കറ്റുകളില്‍ നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ലേബല്‍ വിവരങ്ങളും പരിശോധിച്ചു.

ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പഴുതടച്ച പരിശോധനകളാണ് ചെക്‌പോസ്റ്റുകളില്‍ പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 10 രാവിലെ ആറ് മുതല്‍ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകള്‍ നടത്തി. ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവന്‍ വാഹനങ്ങളിലും പരിശോധനകള്‍ നടത്തി. 687 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ പരിശോധനകള്‍ക്കായി പാല്‍, പാലുത്പനങ്ങള്‍ എന്നിവയുടെ 751 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. കൂടാതെ ചെക്‌പോസ്റ്റുകള്‍ വഴി എത്തിയ ഭക്ഷ്യ എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു. 40 സ്‌ക്വാഡുകളാണ് പരിശോധനകള്‍ക്കുണ്ടായിരുന്നത്.

വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധനകള്‍. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധനക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാര്‍, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.

Read More : ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥത, നോക്കിയപ്പോൾ ഷിറ്റ്സുവിന്‍റെ തൊണ്ടയിൽ എല്ലിൻ കഷ്ണം; ചോക്കിംഗിലൂടെ പുറത്തെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios