എല്ലാം ശുദ്ധമല്ല, 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധവേണം

54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു.

Food Safety Department conducted raids on cool drinks and drinking water companies in Kerala and shut down seven establishments vkv

തിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഐസ്‌ക്രീം നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തി.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിലേക്ക് കൈമാറി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശീതള പാനീയങ്ങള്‍ വിപണനം നടത്തുന്ന കടയുടമകള്‍ പാനീയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളില്‍ കൊണ്ട് പോകുകയോ ചെയ്യരുത്. 

ഉത്സവങ്ങള്‍, മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിപണനം നടത്തുന്ന ശീതള പാനീയങ്ങള്‍, കുപ്പിവെള്ളം, ഐസ് കാന്‍ഡി, ഐസ്‌ക്രീം എന്നിവ സുരക്ഷിതമായി തന്നെ വിപണനം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലെ ശീതള പാനീയ വില്‍പന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മ്മാണ വിതരണ വില്‍പ്പന കേന്ദ്രങ്ങള്‍, ഐസ്‌ക്രീം നിര്‍മ്മാണ വിതരണ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ കടയുടമകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജാഫര്‍ മാലിക്കിന്റെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Read More :   50,000 രൂപയിൽ കൂടുതൽ പണം, സ്വർണം, വസ്ത്രം, എല്ലാത്തിനും രേഖകൾ വേണം; തൃശൂരിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന

Latest Videos
Follow Us:
Download App:
  • android
  • ios