ഭക്ഷണം കഴിക്കുന്നതിനിടെ ഉഗ്ര ശബ്ദം, വീട്ടുകാർ ഞെട്ടി; നെയ്യാറ്റിൻകരയിൽ വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ചു
വീടിനുള്ളിൽ പാകിയ 300 ചതുരശ്ര അടിയിലേറെ വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയത്. വിവരം അറിഞ്ഞ് ജിയോളജി വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി.
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വീടിനുള്ളിൽ പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം സ്വദേശി രത്നരാജിന്‍റെ വീട്ടിലെ മുറിയിലാണ് ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടൈൽ പൊട്ടിത്തെറിച്ച് മുറിക്കുള്ളിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.
വീട്ടുമസ്ഥനായ രത്നരാജും ഭാര്യയും രാവിലെ ഭക്ഷണം കഴിച്ചുണ്ടിരിക്കുമ്പോഴാണ് ഉഗ്ര ശബ്ദത്തോടെ മുറിക്കുള്ളിൽ പൊട്ടിത്തെറി നടന്നത്. ഓടിയെത്തി നോക്കുമ്പോള്‍ ടൈലുകള്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ശംബദം കേട്ട് സമീപവാസികളും ഓടിയെത്തി. വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുവിലത്തെ മുറിയിലാണ് കൂടുതൽ ടൈലുകള്‍ പൊട്ടിത്തെറിച്ചത്.
വീടിനുള്ളിൽ പാകിയ 300 ചതുരശ്ര അടിയിലേറെ വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയത്. വിവരം അറിഞ്ഞ് ജിയോളജി വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ ടൈലുകള്‍ വീട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അസാധാരണ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ജിയോളജി വിഭാഗം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അറിയിച്ചു. 15 വർഷം മുമ്പാണ് രത്നരാജ് 1500 ചതുരശ്ര അടിയുള്ള ഇരുനില വീട് നിർമ്മിച്ചത്.