വെള്ളംകയറി നഷ്ടം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലെന്നുപറഞ്ഞ് ലോറിക്ക് ക്ലെയിം നൽകിയില്ല; 176379രൂപ നൽകാൻ വിധി
വാഹനം ടെസ്റ്റിന് വേണ്ട പണികള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക്‌ഷോപ്പില്‍ കിടക്കുമ്പോഴാണ് വെള്ളം കയറിയത്.
തൃശൂര്‍: പ്രളയത്തില്‍ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന്, ക്ലെയിം തുക നിഷേധിച്ചതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു എം ആര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് തൃശൂര്‍ റൗണ്ട് നോര്‍ത്തിലുള്ള ന്യൂ ഇന്ത്യ ഇൻഷുറന്‍സ് കമ്പനി ലിമിറ്റഡിനെതിരെ വിധി വന്നത്.
ഹര്‍ജിക്കാരന്റെ ലോറിയാണ് ഇന്‍ഷുര്‍ ചെയ്തിരുന്നത്. വാഹനത്തില്‍ പ്രളയത്തിനിടെ വെള്ളം കയറി നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുകയായിരുന്നു. വാഹനം ടെസ്റ്റിന് വേണ്ട പണികള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക്‌ഷോപ്പില്‍ കിടക്കുമ്പോഴാണ് വെള്ളം കയറിയത്.
പൊതുനിരത്തില്‍ വച്ചല്ല നഷ്ടം സംഭവിച്ചതെന്നും അതിനാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പ്രസക്തമല്ലെന്നും ഹര്‍ജി ഭാഗം വാദിച്ചു. തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു, മെംബര്‍മാരായ ശ്രീജ എസ്, ആര്‍ റാം മോഹന്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃകോടതി വാഹനത്തിന് ക്ലെയിം തുകയായ 1,76,379 രൂപയും ചെലവിലേക്ക് 5000 രൂപയും നല്‍കാന്‍ ഉത്തരവിട്ട് വിധി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം