'സർക്കാരിനെ വിശ്വസിച്ചു, ചീനവലകള്‍ പുതുക്കിപ്പണിതു'; പണി കിട്ടിയത് മത്സ്യത്തൊഴിലാളികൾക്ക്, ഫലം കടക്കെണി...
സർക്കാർ ഉറപ്പില്‍ തൊഴിലാളികള്‍ സ്വന്തം ചെലവിലായിരുന്നു ചീനവലകളുടെ പണി തുടങ്ങിയതാണ്. ഇപ്പോള്‍ പലിശക്കാര്‍ ഇവരുടെ വീടുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയാണ്.
കൊച്ചി: പൈതൃക സംരക്ഷണത്തിന് ചീനവലകള്‍ പുതുക്കിപ്പണിയാനുള്ള പദ്ധതിയിൽ വെട്ടിലായി എറണാകുളം ഫോർട്ട് കൊച്ചിയിലെ മത്സ്യത്തൊഴിലാളികൾ. ചീനവലകൾ നിർമ്മിച്ച് നൽകിയിട്ടും പണം കിട്ടാതായാതോടെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലാണ്. ടൂറിസം വകുപ്പിന്‍റെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായായിരുന്നു സർക്കാരിന്‍റെ വാക്ക് വിശ്വസിച്ച് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ചീനവലകളെല്ലാം പുതുക്കിപ്പണിതത്. കിറ്റ് കോക്കായിരുന്നു നിര്‍മ്മാണ ചുമതല.
മരംകൊണ്ടുള്ള ചീനവലകളെ തനിമ ചോരാതെ നിലനിര്‍ത്തുകയായിരുന്നു പദ്ധതി. ചീനവല പൂര്‍ത്തിയാക്കിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നായിരുന്നു അധികൃതര്‍ നൽകിയ വാഗ്ദാനം. അധികൃതരുടെ വാക്കു വിശ്വസിച്ച് ഒരു വല പണം കടം വാങ്ങിയെല്ലാം പൂർത്തിയാക്കി, എന്നാൽ പറഞ്ഞുറപ്പിച്ച പ്രകാരം ഫണ്ട് അനുവദിക്കാഞ്ഞതോടെ ബാക്കി പണി പാതിവഴിയിലായി. സർക്കാർ ഉറപ്പില്‍ തൊഴിലാളികള്‍ സ്വന്തം ചെലവിലായിരുന്നു ചീനവലകളുടെ പണി തുടങ്ങിയതാണ്. ഇപ്പോള്‍ പലിശക്കാര്‍ ഇവരുടെ വീടുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയാണ്.
പതിനൊന്ന് മത്സ്യതൊഴിലാളികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചീനവല പുതുക്കി പണിയാൻ അഞ്ചര ലക്ഷം രൂപ മുടക്കിയ വിന്‍സെന്‍റിനാണ് ഏറ്റവുമധികം പ്രതിസന്ധി. 2014 ലാണ് ടൂറിസം വകുപ്പിന്‍റെ പൈതൃക സംരക്ഷണ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങിയത്. ടൂറിസം വകുപ്പില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കിറ്റ് കോയ്ക്ക് പറയാനുള്ളത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുമുള്ള അനുകൂല നിലപാട് ഇല്ലെന്ന് വിന്‍സെന്‍റ് പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പദ്ധതി നീണ്ടുപ്പോയതോടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടർന്ന് ഒരു വര്‍ഷം മുന്‍പ് ജനപ്രതിനിധികളേയും ജില്ലാ കളക്ടറേയും തൊഴിലാളികളേയും ഉള്‍പ്പെടുത്തി നിര്‍മ്മാണത്തിന് സമതി രൂപീകരിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ അലംഭാവം തുടർന്നതോടെ മത്സ്യത്തൊഴിലാളികള്‍ വെട്ടിലായി. കിട്ടാനുള്ള പണത്തിനായി അലഞ്ഞ് കൊച്ചിയുടെ ചീനവല പൈതൃകത്തിന്‍റെ കാവല്‍ക്കാര്‍ക്ക് മനസ് മടുത്തിരിക്കുകയാണ്.
സർക്കാരിന്റെ വാക്ക് വിശ്വസിച്ച് വെട്ടിലായി മത്സ്യത്തൊഴിലാളികൾ- വീഡിയോ സ്റ്റോറി കാണാം
Read More : 'ലൈറ്റ് പണിയായി, 3 ബോട്ടുകളെ പൊക്കി'; ഉടമക്ക് കിട്ടിയത് 7 ലക്ഷം രൂപയുടെ പിഴ, 3.5 ലക്ഷത്തിന്‍റെ മീനും പോയി!