ഉറവപ്പാറ മലമുകളിലെ ക്ഷേത്ര സമീപത്തെ പറമ്പിൽ തീപിടുത്തം, കാറ്റിൽ ആളിപടർന്നു; നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു
നാട്ടുകാര്‍ തീ കെടുത്താന്‍ നോക്കിയെങ്കിലും കനത്ത കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു, ഇതോടെ...
ഇടുക്കി: ഉറവപ്പാറ മലമുകളില്‍ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍ തീപിടുത്തമുണ്ടായി. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധര്‍ തീയിട്ടതാണെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാര്‍ തീ കെടുത്താന്‍ നോക്കിയെങ്കിലും കനത്ത കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ സഹായത്തിനായി അഗ്നി രക്ഷാ സേനയെ വിളിച്ചറിയിച്ചു.
ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനം പോലും എത്തിപ്പെടാന്‍ പറ്റാത്തതിനാല്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം നടന്നാണ് തീ പിടിച്ച ഭാഗത്തെത്തിയത്. തുടര്‍ന്ന് ഫയര്‍ ബീറ്ററും മറ്റും ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ കെടുത്തുകയായിരുന്നു. കനത്ത കാറ്റില്‍ തീ ആളിപ്പടര്‍ന്നപ്പോഴും അതിനെ വകവെക്കാതെയായിരുന്നു സേനയുടെ പ്രവര്‍ത്തനം.
സമീപ സ്ഥലത്ത് വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ സംരക്ഷിക്കാന്‍ അഗ്നി രക്ഷാ സേനക്ക് കഴിഞ്ഞു. തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം സേനയുടെ വാഹനം എത്തിച്ചേരാന്‍ പറ്റിയില്ലെങ്കില്‍ തീ തല്ലിക്കെടുത്തുന്നത് മാത്രമാണ് പോംവഴി. പലപ്പോഴും ആളുകള്‍ അശ്രദ്ധമായി തീ ഇടുന്നത് മൂലമാണ് അപകടം വര്‍ധിപ്പിക്കുന്നതെന്ന് സേനാംഗങ്ങള്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ഓഫീസര്‍ എം എന്‍ വിനോദ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ അനൂപ് പി എന്‍, ജോബി കെ ജോര്‍ജ്, ബിബിന്‍ എ തങ്കപ്പന്‍, അജയകുമാര്‍ എന്‍ എസ്, സച്ചിന്‍ സാജന്‍, ജസ്റ്റിന്‍ ജോയി ഇല്ലിക്കല്‍, എം പി ബെന്നി എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം