ഓർമ്മയില്ലേ ആ ദൃശ്യം; വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചവർ ഇവിടെയുണ്ട്
മലപ്പുറം പൊന്നാനിയിലെ മുഹമ്മദ് അജ്മലും ബന്ധുക്കളുമാണ് പാലക്കാട് കൊപ്പത്തുള്ള ഒരു വയസ്സുകാരൻ റിബാനെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
മലപ്പുറം: പാലക്കാട് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച കാർ യാത്രക്കാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മലപ്പുറം പൊന്നാനിയിലെ മുഹമ്മദ് അജ്മലും ബന്ധുക്കളുമാണ് പാലക്കാട് കൊപ്പത്തുള്ള ഒരു വയസ്സുകാരൻ റിബാനെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങും വഴിയാണ് കൊപ്പത്ത് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ നിന്ന് ഒരു വയസുകാരനേ രക്ഷപ്പെടുത്തി വീട്ടുകാർക്ക് കൈമാറിയത്. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന വരാൻ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന അജ്മലാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. ഒപ്പമുണ്ടായിരുന്നു മുസീറാണ് വാഹനത്തില്‍ നിന്നിറങ്ങി കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ചത്.
റോഡിലേക്ക് ഒറ്റയ്ക്ക് ഇറങ്ങി പോയ പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കാർ യാത്രക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കൊപ്പം വളാഞ്ചേരി പാതയിലെ ഒന്നാന്തിപടിയിലായിരുന്നു സംഭവം. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വീട്ടിലുള്ള അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റവും കടന്ന് റോഡിലേക്ക് പിച്ചവെച്ച് നടക്കുന്ന ഒരു വയസുകാരനെ ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. അതിനിടെ വന്നൊരു കാർ കുട്ടിയ്ക്കരികിൽ നിർത്തി കുഞ്ഞിനെ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയായിരുന്നു.
ഒരു വയസുള്ള റിബാന് ഇത് പുനർജന്മമെന്നാണ് വീട്ടുകാർ പറയുന്നത്. നടക്കാൻ തുടങ്ങിയതേയുള്ളൂ റിബാൻ. ഇതിന് മുമ്പ് ഇങ്ങനെ പുറത്തു ഒറ്റയ്ക്ക് പോയിട്ടില്ല. വീട്ടിൽ അമ്മ മാത്രമുള്ളപ്പോഴാണ് റിബാൻ റോഡിലേക്ക് ഇറങ്ങി പോയത്. കാർ യാത്രക്കാർ ആരെന്ന് കണ്ടെത്താന്‍ റിബാൻ്റെ മാതാപിതാക്കൾ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇവരെ നേരിട്ട് കണ്ട് നന്ദി പറയണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം.